Skip to main content

മഴക്കാല പൂര്‍വ ശുചീകരണം മെയ് 20 നകം പൂര്‍ത്തിയാക്കണം

-ജാഗ്രത സമിതികള്‍ സജീവമാക്കാന്‍ നിര്‍ദേശം

ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം മെയ് 20 നകം പൂര്‍ത്തിയാക്കാന്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ജില്ലാ തല യോഗത്തില്‍ തീരുമാനം.  വാര്‍ഡ് തല ജാഗ്രത സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ എ ഡി എം നവീന്‍ ബാബു നിര്‍ദേശിച്ചു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിനായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുകയാണ് ഉദ്ദേശിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനം വഴി പകര്‍ച്ച വ്യാധികളും ജലജന്യ രോഗങ്ങളും പ്രതിരോധിക്കാന്‍ കഴിയുെമന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ജാഗ്രതയും വകുപ്പുകളുടെ ഏകോപനവും ഉണ്ടാവണമെന്ന് യോഗം നിര്‍ദേശിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഈ രംഗത്തെ ഏജന്‍സികളെയും ഏകോപിപ്പിച്ചാണ് ശുചീകരണം നടപ്പിലാക്കുക. വിപുലമായ പൊതുജന പങ്കാളിത്തവും ഉറപ്പാക്കും.
മാലിന്യ പരിപാലനം ഉറപ്പാക്കല്‍, കൊതുക് നിവാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കും. ഇതിനായി തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രത സമിതികള്‍ രൂപീകരിക്കും.
ആേരാഗ്യ വകുപ്പ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 18ന് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ ഓണ്‍ലൈന്‍ യോഗം നടത്തി പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ പി വി ജസീര്‍ അറിയിച്ചു.  ഹോട്ട്സ്പോട്ടുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഊര്‍ജിത ശുചീകരണം നടത്തി വരികയാണ്. വാര്‍ഡ് സാനിറ്റേഷന്‍ സമിതി യോഗങ്ങളും നടക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പിടിക്കാന്‍ 2 ജില്ലാ തല സ്‌ക്വാഡ് സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സി സച്ചിന്‍ പറഞ്ഞു.
എന്‍ എച്ച് എം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി ജെ ചാക്കോ തുടങ്ങിയവരും സംസാരിച്ചു.

date