Skip to main content

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം

2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും. പാലക്കാട് 10 , ആലത്തൂര്‍ അഞ്ച് വീതം സ്ഥാനാര്‍ത്ഥികളാണ് ഉളളത്.

ജൂണ്‍ നാലിന് രാവിലെ 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെയൊ സ്ഥാനാര്‍ത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിംഗ് നീക്കി വോട്ടിംഗ് മെഷീനുകള്‍  വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും.
പാലക്കാട് ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണ് ഉളളത്. ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിക്കും.ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിംഗ് ഹാളുകളുകളിലായി 91 മേശകള്‍ സജ്ജീകരിക്കും.
ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും ആദ്യത്തെ മേശ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി വേര്‍തിരിച്ച് സജ്ജീകരിച്ചിരിക്കും. അവയ്ക്കകത്തായിരിക്കും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. ഓരോ നിയമസഭാ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലുളള സ്ലിപ്പുകള്‍ വിവിപാറ്റ് കൗണ്ടിംഗ് ബൂത്തില്‍ എണ്ണും.
പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ്പ് എന്നിങ്ങനെയാണ് എണ്ണുന്നതിനുളള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുകയുള്ളു.ഓരോ ടേബിളിനുമായി കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് എന്നിവര്‍ക്കു പുറമെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ടാകും. ഓരോ ഹാളിനുമായി അതത് മണ്ഡലങ്ങളിലെ  അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചുമതലയിലുണ്ടാകും. വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണ്ണമായും  വീഡിയോ ചിത്രീകരണം നടത്തും.വോട്ടെണ്ണല്‍ ഫലം തത്സമയമറിയാല്‍ അതോറിറ്റി ലെറ്റര്‍ ഉളള മാധ്യമപ്രവര്‍ത്തകര്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പി.ആര്‍.ഡിയുടെ മേല്‍നോട്ടത്തില്‍ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
 

date