Skip to main content

ബ്രെയിലി സാക്ഷരതാ പദ്ധതി; അധ്യാപക പരിശീലനം തുടങ്ങി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന ദീപ്തി - ബ്രെയിലി സാക്ഷരതാ പദ്ധതിയിലെ അധ്യാപകര്‍ക്കുള്ള ദ്വിദിന മേഖലാതല പരിശീലനം പള്ളിക്കുന്ന് ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി.  സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോര്‍ഡിനേറ്റര്‍ ഷാജൂ ജോണിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ബ്രെയിലി സാക്ഷരതാ പാഠാവലി, അധ്യാപക ഫോറം പ്രസിഡണ്ട് എം സുധീറിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. ടോജോ ജേക്കബ് പദ്ധതി വിശദീകരണം നടത്തി. സജി തോമസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ പി പ്രശാന്ത്കുമാര്‍(കണ്ണൂര്‍), പി എന്‍ ബാബു (കാസര്‍കോട്), പി വി ശാസ്ത പ്രസാദ് (വയനാട്) എന്നിവര്‍സംസാരിച്ചു.  എ അജയകുമാര്‍, എം അജയകുമാര്‍, കെ സത്യശീലന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങും. 15 മുതല്‍ 20 വരെ  പഠിതാക്കള്‍ ഒരു പഠന കേന്ദ്രത്തില്‍ പങ്കെടുക്കും. ആറുമാസം നീണ്ടു നില്‍ക്കുന്ന ദീപ്തി ബ്രെയിലി സാക്ഷരതക്ക് രണ്ടായിരത്തിലധികം പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

date