കുമാരേട്ടന്റെ സങ്കടം നാടിന്റെ സങ്കടം; ശുചിത്വ സന്ദേശം നല്‍കി ഏകപാത്ര നാടകം
തീവ്രശുചീകരണ യജ്ഞം, ശുചിത്വം തന്നെ സേവനം എന്നീ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഏകാംഗ നാടക പര്യടനം ആരംഭിച്ചു. കുമാരേട്ടന്റെ സങ്കടം എന്ന ഏകാംഗനാടകത്തില്‍ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെയാണ് തുറന്നു കാട്ടുന്നത്. മൊടപ്പത്തി നാരായണനാണ് അവതാരകന്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച കലക്ടറേറ്റ് പരിസരത്ത് ഏകംഗ നാടകം അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ആശംസ അര്‍പ്പിച്ചു.
വീടും പരിസരവും മലിനമാകാതെയും മലിനമാക്കാതെയും നിലനിര്‍ത്തിയാല്‍ മനുഷ്യന്‍ ദൈവമാകും. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് സ്വര്‍ഗമാക്കാമെന്ന സന്ദേശമാണ് നാടകം നല്‍കുന്നത്. പുഴയും കാടും മാലിന്യം നിറഞ്ഞ് കേട്ട് കേള്‍വി പോലുമില്ലാത്ത പനിയും അസുഖങ്ങളും നമ്മുടെ നാടിന്റെ ശാപമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് നാടകം നമ്മോട് പറയുന്നത്.
നാടക പര്യടനം നേരത്തേ ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ വി സുമേഷ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ജി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടി വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലും ജില്ലയിലെ മറ്റ് നഗരസഭകളിലും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം രണ്ട് വേദികളിലാണ് നാടകം അവതരിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്റെ ഭാഗമായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ തീവ്ര ശുചീകരണ യജ്ഞം ആചരിക്കുകയാണ്. ജില്ലയില്‍ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments