Skip to main content
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് - ജില്ലാ കലക്ടര്‍

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് - ജില്ലാ കലക്ടര്‍

സ്വതന്ത്രവും നീതിയുക്തവുമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്താനായതെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭ നിയോജക മണ്ഡലങ്ങളിലേയും വോട്ടുകള്‍ തങ്കശ്ശേരി സെയിന്റ് അലോഷ്യസ് സ്‌കൂളിലാണ് എണ്ണിയത്.

വെളുപ്പിന് അഞ്ചുമണിക്ക് അവസാനവട്ട റാന്‍ഡമൈസേഷന്‍ നടത്തി. രാവിലെ ഏഴുമണിക്ക് സ്‌ട്രോംഗ് റൂമുകള്‍ തുറന്ന് ബാലറ്റ് മെഷീനുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് എട്ടു മണിക്കാണ് തപാല്‍ വോട്ടുകള്‍ എണ്ണിയത്. ആകെ - 12048 (തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 3449 ഉദ്യോഗസ്ഥര്‍, 85 വയസ് കഴിഞ്ഞ 4993 പേര്‍, 2208 ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസിലുള്ള 1398). പട്ടാളക്കാര്‍ക്കുള്ള 2124 ഇ.ടി.പി.ബി.എം.എസ് വോട്ടുകള്‍ രാവിലെ നിശ്ചിതസമയം വരെ സ്വീകരിച്ചു.

ഇ.വി.എമ്മുകളുടെ കൗണ്ടിംഗ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ അരവിന്ദ് പാല്‍ സിംഗ് സന്ധുവും അസിം താഹയും മേല്‍നോട്ടം നടത്തിയാണ് നിര്‍വഹിച്ചത്.  

1300-ല്‍ പരം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വോട്ടെണ്ണിയത്. ഇ വി എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും വിനിയോഗിച്ചു. 14 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.

 ത്രിതല സുരക്ഷാസംവിധാനത്തിലായിരുന്നു നടപടിക്രമങ്ങള്‍. ഓരോ ഘട്ടത്തിലും നടപടിക്രമം കൃത്യതയോടെ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണിയത്. എഴു മണ്ഡലങ്ങളിലേയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ അതത് കേന്ദ്രങ്ങളുടെ പൊതുചുമതലകള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിച്ചുവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവരങ്ങളെല്ലാം കൃത്യതയോടെ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ തത്സമയംലഭ്യമാക്കി. സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടത്താനായതെന്നും അറിയിച്ചു. സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, എ. ഡി. എം സി. എസ്. അനില്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് ജേക്കബ് ജോണ്‍ തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയത്.

date