Skip to main content

സഹായവുമായി കുട്ടികൾ; സ്വർണ പാദസരം നൽകി സിയാ സഹ്റ

മലപ്പുറം പെരിന്തൽമണ്ണയിലെ പത്ത് വയസുള്ള സിയാ സഹ്‌റ,  രക്ഷിതാക്കളായ മുഹമ്മദ് നിസാർജസീല എന്നിവർക്കൊപ്പമെത്തി തന്റെ സ്വർണ്ണ പാദസരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുട്ടിയാണ്. ആർ സി സിയിലാണ് കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭിക്കുന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് മരുന്ന് ലഭ്യമാകാത്ത സഹചര്യം ഉണ്ടായി. തുടർന്ന് ഇവിടെ ബന്ധപ്പെട്ട്  വേഗത്തിൽ തന്നെ മരുന്ന് ലഭ്യമാക്കിയത് രക്ഷിതാകൾ പ്രത്യേകം ഓർമ്മപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതർക്ക് സഹായവുമായി ധാരാളം  കുട്ടികളാണ് മുന്നോട്ട് വരുന്നത്. പിറന്നാൾ ദിവസം വസ്ത്രം വാങ്ങാൻസൈക്കിൾ വാങ്ങാൻ,ചെറിയ ആഭരണങ്ങൾ വാങ്ങാൻ സ്വരുപിച്ച തുകകളും സമ്മാനമായി ലഭിച്ച തുകകളും കുടുക്കയിലെ സമ്പാദ്യവും ദുരിതബാധിതർക്കായി കൈമാറിയവരുണ്ട്. അത്തരത്തിലൊന്നാണ് മലപ്പുറം തിരൂരിലെ വെട്ടം എ എച്ച് എം എൽപി സ്‌കൂൾ വിദ്യാർത്ഥികളുടെ സംഭാവന. അവിടുത്തെ വിദ്യാർത്ഥികൾ കാരുണ്യ കുടുക്കയിലൂടെ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതോടൊപ്പം അവരെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വിദ്യാലയത്തിൽ കാരുണ്യ കുടുക്ക എന്ന ആശയം നടപ്പാക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കുമായി പ്രത്യേകം കാരുണ്യ കുടുക്കളുണ്ട്. താൽപര്യമുള്ള തുക ഇതിൽ നിക്ഷേപിക്കാം. കഴിഞ്ഞ മഹാപ്രളയത്തിലും കോവിഡിലും ഇതേ മാതൃകയിൽ വിദ്യാർത്ഥികൾ സംഭാവന നൽകിയിരുന്നു.

ബുധനാഴ്ച രാവില 11 മണിവരെ 142,20,65,329 രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നല്ലരീതിയിലാണ് പൊതുവെ നാടും മാധ്യമങ്ങളും പ്രതികരിച്ചത്. ആദ്യഘട്ടത്തിലുണ്ടായ കുപ്രചരണങ്ങൾ ദൂരീകരിക്കാനും യാഥാർത്ഥ്യം ജനങ്ങളെ അറിയാക്കാനും മാധ്യമ ഇടപെടൽ ഉണ്ടായി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിലും നിരവധി മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും മാതൃകയായി.  കാസർകോട് പ്രസ് ക്ലബ് ബുധനാഴ്ച 2,30,000 രൂപ സംഭാവനയായി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 3573/2024

date