Skip to main content

മ്യൂസിയം വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി നിർവഹിച്ചു

മ്യൂസിയം, മൃഗശാല വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം രാജാരവിവർമ്മ ആർട്ട് ഗ്യാലറി, വയനാട് കങ്കിച്ചിറ പൈതൃക മ്യൂസിയം എന്നിവയുടെ ഔദ്യോഗിക വൈബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ ഓൺലൈനായാണ് ചടങ്ങ് നടന്നത്.

രാജാരവിവർമ്മ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങളെക്കുറിച്ച് കൂടുതൽ പ്രചാരം സാധ്യമാക്കുന്നതിനും അന്തർദേശീയ തലത്തിൽ രവിവർമ്മ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നതിനും കഴിയും വിധത്തിലുള്ള വെബ്‌സൈറ്റാണ് രാജാരവിവർമ്മ ഗ്യാലറിക്കു മാത്രമായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റിൽ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങളുടെ വെർച്ച്വൽ ടൂർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലവും ഭൂമിശാസ്ത്രപരവുമായ അതിരുകളും പരിഗണിക്കാതെ തന്നെ കലാസ്വാദനത്തിന് അവസരം നൽകത്തക്കവിധമാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതു കൊണ്ടു തന്നെ തദ്ദേശീയരേയും വിദേശീയരേയും ഒരു പോലെ ആകർഷിക്കാൻ ഈ വെബ്‌സൈറ്റിനു കഴിയും.

വയനാടിന്റെ ചരിത്രപരമായ പൈതൃകത്തെയും പ്രകൃതിസൗന്ദര്യത്തെയും അനുഭവവേദ്യമാക്കുന്ന ഒരു മ്യൂസിയമാണ് മാനന്തവാടി താലൂക്കിലെ കുങ്കിച്ചിറയിലെ പൈതൃക മ്യൂസിയം. 3 സോണുകളിലായി 15 പവിലിയനുകളുളള ഈ മ്യൂസിയത്തിലെ ഒന്നാമത്തെ സോണിൽ വയനാടിന്റെ വൈവിദ്ധ്യമാർന്ന സസ്യ ജന്തുജാലങ്ങൾ, പ്രകൃതി വിഭവങ്ങൾ, ചരിത്ര വസ്തുതകൾ ആദിവാസി സമൂഹങ്ങൾ എന്നിവയെ കുറിച്ചുളള അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ സോണിൽ വയനാട്ടിലെ ആദിവാസി സമൂഹങ്ങളുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും വിവിധ മാധ്യമങ്ങളുടെ സഹായത്താൽ വിവരിച്ചിരിക്കുന്നു. മൂന്നാമത്തെ സോണിൽ ഗോത്ര ജനതയുടെ അതിജീവിതം ജീവനോപാധികൾ, പാരമ്പര്യ ചികിത്സാരീതികൾ എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന വയനാട് പൈതൃക മ്യൂസിയത്തിലെ പ്രദർശനം ഉൾപ്പെടുത്തിക്കൊണ്ടാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുളളത്. പൈത്യക മ്യൂസിയം നേരിട്ട് സന്ദർശിക്കുന്ന അതേ അനുഭവം ലഭ്യമാക്കുന്ന വെർച്ച്വൽ ടൂർ കൂടി ഉൾപ്പെടുത്തിയാണ് മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുളളത്. വെബ്സൈറ്റുകളുടെ ഔദ്യോഗിക മേൽവിലാസം: rajaravivarmaartgallery.kerala.gov.inkunkichiramuseum.kerala.gov.in.

പി.എൻ.എക്‌സ്. 3576/2024

date