ജില്ലയില്‍ വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി
ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഹരിതകേരള മിഷന്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, ഗാന്ധിയന്‍ സംഘടകള്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
നഗരസഭയെ മാലിന്യമുക്തവും ഗതാഗതയോഗ്യവുമാക്കി
ഗാന്ധിജയന്തി ആഘോഷം
തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. രാഷ്ട്ര പുനരുദ്ധാരണത്തിലൂടെ രാഷ്ട്രപിതാവിനെ സ്മരിക്കാം എന്ന സന്ദേശത്തോടെയാണ് മെഗാ ക്ലീനിങ് നടത്തിയത്. സുപഥം എന്ന പേരിലുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 7:30 ന് മുനിസിപ്പൽ ഓഫീസിനു മുന്നിൽ ജോയ്‌സ് ജോർജ് എം പി നിർവഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാത്രം നടപ്പിലാക്കുവാൻ സാധിക്കുന്ന ഈ പരിപാടി നല്ല രീതിയിൽ ആസൂത്രണം ചെയ്ത മുനിസിപ്പാലിറ്റിക്കും ലീഗൽ സർവീസസ് അതോറിറ്റിക്കും മറ്റു സംഘടനകൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. ഗാന്ധി സ്ക്വയറിലുള്ള രാഷ്ടപിതാവിന്റെ പ്രതിമയിൽ എം പി പുഷ്‌പാർച്ചന നടത്തി. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു, വൈസ് ചെയർമാൻ സി കെ ജാഫർ, നഗരസഭ കൗൺസിലർ ജെസ്സി ആന്റണി, മുൻ നഗരസഭ വൈസ് ചെയർമാൻ സുധാകരൻ നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ഹരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ പി സന്തോഷ്, ഹരിതകേരള മിഷന്‍ കോർഡിനേറ്റർ ജി.എസ്.മധു തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. നഗരസഭയുടെ കീഴിലുള്ള മറ്റു കേന്ദ്രങ്ങളായ ന്യൂ മാൻ കോളേജ്, കോലാനി ബൈപാസ്സ്, മങ്ങാട്ടുകവല എന്നിവിടങ്ങളിൽ
പിജെ ജോസഫ് എം എൽ എ, തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോസ് എം സിറിൽ എന്നിവരുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.
12 കിലോമീറ്ററുള്ള തൊടുപുഴയിലെ 5 ബൈപാസ്സ് റോഡുകളെ 20 കേന്ദ്രങ്ങളായി തിരിച്ച് 2000 സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഉച്ചക്ക് 1 മണി വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. റോഡുകളിലെ വശങ്ങളിലുള്ള മാലിന്യങ്ങളും മറ്റു അനാവശ്യവസ്തുക്കളും നീക്കം ചെയ്ത് പാർക്കിങ്ങിനും കാൽനടയാത്രക്കാർക്ക് ഗതാഗതയോഗ്യവുമാക്കി തീർത്തു. ശുചിത്വപ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം മാത്രമാണ് സംഘടിപ്പിച്ചതെന്നും നവംബർ 1 കേരളപ്പിറവി ദിനം വരെ നീണ്ടുനിൽക്കുന്ന കാഴ്ച എന്ന പേരിൽ നഗരത്തെ സൗന്ദര്യവൽക്കരിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തുമെന്നും തൊടുപുഴ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ഹരി പറഞ്ഞു. ശേഷം ഡിസംബർ 1 വരെ നീണ്ടുനിൽക്കുന്ന ജാഗ്രത എന്ന പേരിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജയ് ഹിന്ദ് ലൈബ്രറി, എൻ എസ് എസ്, എൻ സി സി, സ്റ്റുഡന്റ് പോലീസ്, റെസിഡന്റ്‌സ് അസോസിയേഷനുകൾ, വർക്ക് ഷോപ്പ് തൊഴിലാളികൾ, പെൻഷനേഴ്‌സ് അസോസിയേഷൻ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, മുനിസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവരും വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
- Log in to post comments