Skip to main content

പുനര്‍ജ്ജനി: ഭവന സന്ദര്‍ശനത്തിന് തുടക്കമായി

 

ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടികള്‍ക്ക് ഗാന്ധിജയന്തി വാരത്തില്‍ തുടക്കമായി. വിവിധ വകുപ്പുദ്ദ്യോഗസ്ഥര്‍ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ദിനത്തില്‍ ചെങ്ങളം പട്ടടയിലെ വലിയതറ കോളനി ഉള്‍പ്പെടെയുള്ള 60 വീടുകളും അയര്‍ക്കുന്നം പഞ്ചായത്തിലെ മഹാത്മാ കോളനിയിലെ 37 വീടുകളും സന്ദര്‍ശിച്ചു. പട്ടടയില്‍ വാര്‍ഡ് മെമ്പര്‍ ബിന്‍സി ജേക്കബും മഹാത്മാ കോളനിയില്‍ വാര്‍ഡു മെമ്പര്‍ കൂടിയായ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനി മോള്‍ ജയ്‌മോന്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് പള്ളം ബ്ലോക്ക് പ്രസിഡന്റ് ടി. ശശീന്ദ്രനാഥ് എന്നിവരും സന്നിഹിതരായിരുന്നു.  ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് ഭവനസന്ദര്‍ശനം നടത്തിയത്. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, തഹസില്‍ദാര്‍ ബി.അശോക്, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവ് രത്നാകരന്‍, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, എ.ഡി.സി.(ജനറല്‍) പി.എസ് ഷിനോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ മാത്യു, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.എം അനില്‍ കുമാര്‍, കെ.എസ്.സി.ഇ.ബി സബ് എഞ്ചിനീയര്‍ കെ.എസ് ബൈജു, കൃഷി ഓഫീസര്‍ എ.ആര്‍ ഗൗരി, വനിതാ പ്രോട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജലവിഭവവകുപ്പ് എക്‌സി.എഞ്ചിനീയര്‍ കെ.ജെ ജോര്‍ജ്ജ്, ജലവിഭവവകുപ്പ് മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ കെ.എം. സിറാജ്,  തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറി പി.ജെ ജോര്‍ജ്ജ,് പള്ളം വി.ഇ.ഓ എ. നിസാമുദ്ദീന്‍, കൃഷി ഓഫീസര്‍ അനീന സൂസണ്‍ സക്കറിയ, അയര്‍ക്കുന്നം വില്ലേജ് ഓഫീസര്‍ രാജേഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ആശാമോള്‍  തുടങ്ങി ഉദ്യോഗസ്ഥരുടെ 40 അംഗസംഘമാണ് ഭവനസന്ദര്‍ശനം നടത്തിയത്.

 

പട്ടടയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയിലൂടെ ചെങ്ങളം മണത്തില്‍പാലം, പട്ടട പ്രദേശവാസികളുടെ നീണ്ടകാലത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കുടിവെള്ള പൈപ്പുകളുടെ നീളം കൂട്ടിയും പൊതു പൈപ്പുകളുടെ എണ്ണം കൂട്ടിയുമാണ് പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഒരുക്കാന്‍ തീരുമാനിച്ചത്. ചെങ്ങളം  സി.എസ്.ഐ പള്ളിയുടെ സമീപം 750 മീറ്റര്‍ കുടിവെള്ള പൈപ്പ് നീട്ടും. വലിയ തറ കോളനിയിലെ പത്ത് വീട്ടുകാര്‍ക്ക് മാത്രമായി പ്രത്യേക പൊതു പൈപ്പ് സ്ഥാപിക്കുമെന്ന വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവ് രത്നാകരന്‍ അറിയിച്ചു. 

തൊഴിലുറപ്പ്:  അധിക തൊഴില്‍ നല്‍കും

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയിലൂടെ ചെങ്ങളം പട്ടട പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അധിക തൊഴില്‍ നല്‍കും. ഇതിലൂടെ തദ്ദേശവാസികളുടെ പങ്കാളിത്തത്തിലൂടെ പാടശേഖരങ്ങളിലെ ബണ്ട് ബലപ്പെടുത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.. പുറം ബണ്ട് കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രളയത്തില്‍ തൊഴില്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നല്‍കാന്‍ നടപടിയെടുത്തു. തൊഴിലില്ലായ്മ നേരിടുന്ന പുരുഷന്മാര്‍ക്കും തൊഴിലുറപ്പിന് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ.ബെന്നി അറിയിച്ചു.

ജിയോ ടാഗ് ഉടന്‍ പൂര്‍ത്തിയാകും

ജില്ലയിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങളം പട്ടട, മോര്‍കാട് പ്രദേശത്തെ ജിയോ ടാഗ് ഉടന്‍ പൂര്‍ത്തിയാകും. വില്ലേജില്‍ അപേക്ഷ ലഭിച്ച 124 വീടുകളുടെ നാശനഷ്ടങ്ങളാണ് ഇനി കണക്കാക്കാന്‍ ഉള്ളത്. രണ്ടു ദിവസങ്ങള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്ന് തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറി പി.ജെ ജോര്‍ജ് അറിയിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയിലാണ് സെക്രട്ടറി ഇതറിയിച്ചത്.

കേരള ഐടി മിഷന്റെ റീ ബില്‍ഡ് കേരള എന്ന ആന്‍ഡ്രോയിഡ് ആപ്പ് മുഖേനെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വീടുകള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഫോട്ടോയും വിവരങ്ങളും അതാത് സ്ഥലങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നത്. വിലാസത്തിനൊപ്പം ജിപിഎസ് മുഖേന സ്ഥലവും ടാഗ് ചെയ്യുന്നുണ്ട്.

മഹാത്മാ കോളനി നിവാസികള്‍ക്ക് ആരോഗ്യ, തൊഴില്‍ കാര്‍ഡുകള്‍ ഉറപ്പാക്കും

അയര്‍ക്കുന്നം പഞ്ചായത്തില്‍ ഉള്‍പ്പെട്ട മഹാത്മ കോളനി നിവാസികള്‍ക്ക് ആരോഗ്യ കാര്‍ഡും തൊഴില്‍ കാര്‍ഡും ഉറപ്പാക്കും. കോളനി നിവാസികള്‍ക്ക് മുഴുവന്‍ തൊഴില്‍ ദിനങ്ങളും ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. മഴവെള്ളക്കെടുതിയില്‍ ഇടിഞ്ഞു  പോയ കിണറുകളുടെ ചുറ്റുമതില്‍ നിര്‍മ്മാണം തൊഴിലുറപ്പു പദ്ധതിയിലൂടെ അടിയന്തിരമായി പൂര്‍ത്തിയാക്കും. കോളനി നിവാസികള്‍ക്ക് താമസക്കാരുടെ പേരില്‍ വസ്തു എഴുതി നല്‍കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇപ്പോള്‍ പഞ്ചായത്തിന്റെ പേരില്‍ കിടക്കുന്ന വസ്തുവിലാണ് കോളനിക്കാര്‍ താമസിക്കുന്നത്. ഡോക്യുമെന്റേഷന്‍ ചെലവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ പരിഹാരമുണ്ടാക്കും. പ്രളയം നിയന്ത്രിക്കുന്നതിന് പ്രദേശത്തെ മേത്താപറമ്പ് പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

 

 (കെ.ഐ.ഒ.പി.ആര്‍-1935/18)

date