ആദ്യശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 28 സര്‍വെയര്‍മാര്‍
ആറ്റുനോറ്റു കിട്ടിയ സര്‍ക്കാര്‍ ജോലിയില്‍ നിന്നുള്ള ആദ്യശമ്പളം തന്നെ പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി നല്‍കി. ജില്ലയിലെ സര്‍വെയും ഭൂരേഖയും വകുപ്പിലെ 28 സര്‍വെയര്‍മാര്‍. സാലറി ചാലഞ്ചില്‍ പങ്കാളികളായതിന്റെ സമ്മതപത്രം പുതുതായി സര്‍വീസില്‍ പ്രവേശിച്ച സര്‍വെയര്‍മാര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. ആദ്യശമ്പളം തന്നെ നവകേരള നിര്‍മാണത്തിനായി നല്‍കാനുള്ള ശ്ലാഘനീയമായ തീരുമാനമെടുത്ത ജീവനക്കാരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.
നാടിന്റെ വികസനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ജോലിയാണ് സര്‍വേയര്‍മാരുടേതെന്ന് നവാഗത ജീവനക്കാരോട് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒരു നാടിന്റെ വികസനത്തിന്റെ സുപ്രധാനമായ സൂചികകളിലൊന്ന് കൃത്യമായ ഭൂരേഖകള്‍ ഉണ്ടായിരിക്കുകയെന്നതാണ്. എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമാണ് ഭൂമിയെന്നതിനാല്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യവും പൂര്‍ണവുമായിരിക്കുക പ്രധാനമാണ്. വീടുവയ്ക്കുന്നതു മുതല്‍ വന്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതു വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഭൂമി ആവശ്യമാണ്. ഭൂരേഖകള്‍ കൃത്യമല്ലാത്ത സ്ഥലങ്ങളില്‍ നിക്ഷേപമിറക്കാന്‍ ആളുകള്‍ മടിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് തര്‍ക്കങ്ങളുണ്ടാവുന്നത് പലപ്പോഴും രേഖകള്‍ കൃത്യമല്ല എന്നതിനാലാണ്. സംസ്ഥാനത്തെ ഭൂരേഖയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന റീസര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച സര്‍വേയര്‍മാര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തങ്ങളുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് സാലറി ചാലഞ്ചില്‍ പങ്കെടുക്കുന്നതെന്ന് സര്‍വേയര്‍മാര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ മുഹമ്മദ് യൂസഫ്, സര്‍വേ ഡെപ്യൂട്ടി ഡയരക്ടര്‍ സുരേശന്‍ കാണിച്ചേരിയന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് കെ ബാലകൃഷ്ണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തമ്പാന്‍, തളിപ്പറമ്പ് റീസര്‍വേ സൂപ്രണ്ട് രാജീവന്‍ പട്ടത്താരി, പയ്യന്നൂര്‍ റീസര്‍വേ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍, ഹെഡ് സര്‍വെയര്‍ ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments