പിണറായി എ.കെ.ജി. സ്മാരക ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
സ്കൂളിന്റെ യഥാർഥ മേന്മ വിദ്യാർഥികൾ സമൂഹത്തിന് ഗുണകരമാകുമ്പോൾ: മുഖ്യമന്ത്രി
സ്കൂളിന്റെ യഥാർഥ മേന്മ നിൽക്കുന്നത് അതിന്റെ ഉത്പന്നങ്ങളായ വിദ്യാർഥികൾ സമൂഹത്തിന് ഗുണകരമാകുന്ന വിധം സൃഷ്ടിക്കപ്പെടുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ഹയർസെക്കന്ററി ബ്ലോക്ക്, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏത് സ്കൂളിന്റെയും യശസ്സ് നിലനിൽക്കുന്നത് അവിടുത്തെ സൗകര്യങ്ങളിലല്ല എന്ന് നാം എപ്പോഴും കാണണം. എന്നാൽ സ്കൂളിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. സ്കൂളിന്റെ യശസ്സ്
സ്കൂളിൽനിന്ന് പുറത്തുവരുന്ന വിദ്യാർഥികൾ നേടുന്ന യോഗ്യതയുടെ, അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ്. സൗകര്യങ്ങൾ ഒരു ഭാഗമേ ആവുന്നുള്ളൂ.
വിദ്യാർഥികൾ ആ കഴിവ് വിവിധ രീതിയിൽ ആർജിക്കേണ്ടതുണ്ടാവാം. പഠനം ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. എന്നാൽ ആ ഭാഗത്തിന് ഏറ്റവും പ്രാധാന്യമുണ്ട്. അതോടൊപ്പം ഇന്നത്തെ കാലത്ത് പാഠ്യേതരമായ ഒട്ടേറെ മേഖലകളിൽ കഴിവ് നേടേണ്ടതായിട്ടുണ്ട്. വിദ്യാർഥികൾ ഈ പ്രായത്തിൽ നേടാനുള്ള കഴിവുകൾ ഈ പ്രായത്തിൽ തന്നെ നേടണം. പിന്നീട് ഇതിലേക്ക് തിരിച്ചു പോകാനാവില്ല.
ഈ പ്രായത്തിൽ വഴിമാറാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വഴിമാറ്റാൻ ചില ശ്രമങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സമൂഹത്തിൽ ശരിയല്ലാത്ത അത്തരം ചില പ്രവണതകൾ കാണാൻ കഴിയുന്നുണ്ട്. അതിന് തടയിടാൻ കഴിയണം. അതിന് തടയിടാൻ സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്. അധ്യാപകർ ആയാലും പൂർവ്വ വിദ്യാർത്ഥികൾ ആയാലും രക്ഷിതാക്കൾ ആയാലും പി ടി എ ആയാലും മദർ പി ടി എ ആയാലും, എല്ലാവർക്കും ആ ജാഗ്രത ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളിൽ രണ്ട് ഘട്ടമായി 30 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഥവാ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നബാർഡ് ഫണ്ട് 9.73 കോടി ഉപയോഗിച്ചു നിർമ്മിച്ച ഹയർസെക്കന്ററി ബ്ലോക്ക്, പ്ലാൻ ഫണ്ട് 1.08 കോടിയുടെ ഇൻഡോർ സ്റ്റേഡിയം, മൂന്ന് കോടിയുടെ സ്കൂൾഹാളും നാല് ക്ലാസ് മുറികളും, 80 ലക്ഷത്തിന്റെ സ്മാർട്ട് ക്ലാസ് മുറികൾ, ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷത്തിന്റെ മുഖ്യകവാടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും സ്കൂൾ വികസനത്തിനായി ഉപയോഗിച്ചു. പിണറായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സാമ്പത്തിക സമിതികൾ രൂപീകരിച്ച് സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ 67 സെന്റ് സ്ഥലത്താണ് ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.
സ്കൂൾ മുൻ പ്രിൻസിപ്പൽ ആർ ഉഷാനന്ദിനി, 2023 സിവിൽ സർവ്വീസ് പരീക്ഷയിൽ 701ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥി കെ സായന്ത്, പി.ഡബ്ല്യു.ഡി. ബിൽഡിങ്ങ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്ബി ലജീഷ് കുമാർ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ യുഎൽസിസിഎസ്, പിക്കോസ് എന്നീ സ്ഥാപനങ്ങളെയും പി.ഡബ്ല്യു.ഡി. കരാറുകാരൻ ടി.പി. പ്രകാശനെയും മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും മുഖ്യമന്ത്രി അനുമോദിച്ചു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, മുഹമ്മദ് അഫ്സൽ, ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, പിണറായി ഗ്രാമ പഞ്ചായത്ത് അംഗം എ ദീപ്തി, കണ്ണൂർ ആർഡിഡി ആർ രാജേഷ് കുമാർ, കണ്ണൂർ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ് മാസ്റ്റർ കെ സുരേന്ദ്രൻ, എസ് എസ് കെ ഡിപിസി ഇ സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, തലശ്ശേരി ഡിഇഒ പി ശകുന്തള, തലശ്ശേരി നോർത്ത് എഇഒ കെ എ ബാബുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ശശിധരൻ, സി. എൻ. ഗംഗാധരൻ, വി എ. നാരായണൻ, വി. കെ. ഗിരിജൻ, ആർകെ ഗിരിധരൻ, പി ടി എ പ്രസിഡന്റ് എലിയൻ അനിൽകുമാർ, എം.പി.ടി.എ പ്രസിഡണ്ട് ജസിന ലതീഷ്, കെ കെ പ്രദീപൻ, അഡ്വ. വി. പ്രദീപൻ, കെ പ്രേമൻ, കോമത്ത് രാജൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എൻ എം ബിജോയ്, സ്കൂൾ ലീഡർ കെ കെ അനുരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
- Log in to post comments