റവന്യൂ ജില്ലാ സ്കൂൾ കായികമേള 21 മുതൽ
ഈ വർഷത്തെ കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 21, 22, 23 തീയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 ഉപജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർഥികളും തലശ്ശേരി സായി സെന്ററിൽ നിന്ന് 14 കുട്ടികളും, കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് 37 കുട്ടികളുമടക്കം 2500 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും. ഒക്ടോബർ 21ന് രാവിലെ 6.15 ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തുന്നതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും. രാവിലെ ഒമ്പതിന് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ (അണ്ടർ 14, 17, 19) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും.
സമാപന സമ്മേളനം ഒക്ടോബർ 23 ന് വൈകിട്ട് 4.30ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികളുടെ വിതരണം വിദ്യാഭ്യാസ ഉപഡയരക്ടർ ബാബുമഹേശ്വരി പ്രസാദ് നിർവ്വഹിക്കും. കായികോത്സവം ഹരിത മേളയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പീക്കർ അഡ്വ. എ. എൻ ഷംസീർ ചെയർമാനായും തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെഎം ജമുന റാണി വർക്കിങ് ചെയർമാനായും സംഘാടക സമിതിയും വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദിന്റെ നേതൃത്വത്തിൽ 11 ഉപസമിതികളും പ്രവർത്തിച്ചു വരുന്നു.
- Log in to post comments