Skip to main content

ഉപ തിരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചരണപരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) പാലക്കാട് കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും. പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍, സബ്ഡിവിഷ്‌നല്‍ മജിസ്‌ട്രേറ്റ്,  സോഷ്യല്‍ മീഡിയ വിദഗ്ധന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, മാധ്യമപ്രതിനിധി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ്  കമ്മിറ്റിയംഗങ്ങള്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത് വരെ നിരീക്ഷണം തുടരും. മാധ്യമങ്ങളില്‍ വരുന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളുടെ ചെലവുകളും തിട്ടപ്പെടുത്തി  വരണാധികാരിക്കും ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ക്കും നിരീക്ഷകര്‍ക്കും എം.സി.എം.സി കമ്മിറ്റി കൈമാറും.

date