അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 01/01/2024ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടാകും.അപേക്ഷകര്‍ എസ്.എസ്.എല്‍.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ നാലിന് വൈകിട്ട് 5 മണി വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസ്സിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും
ഫോണ്‍:9387162707,7012603724,9747474068.
സംസ്‌കൃത സര്‍വ്വകലാശാല:
പി എച്ച്. ഡി. പ്രവേശന പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഒക്ടോബര്‍ 22ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലേയ്ക്കുള്ള പ്രവേശന പരീക്ഷ ഒക്ടോബര്‍ 24 ലേയ്ക്ക് മാറ്റിയതായി സര്‍വ്വകലാശാല അറിയിച്ചു. സമയം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ.
മത്സ്യഫെഡ് ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സൃഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ മേല്‍ക്കൂരയില്‍ പാത്തികളിലെ തകരാറിലായ ഷീറ്റ് മാറ്റി പകരം പൂതിയ ഷീറ്റ് ഉപയോഗിച്ച് ചോര്‍ച്ച പരിഹരിക്കുന്നതിന് പ്രവൃത്തികള്‍ ചെയ്യുന്നതിലേക്കു പ്രവൃത്തിപരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 02/11/2024നു വൈകുന്നേരം 3.00 വരെ എറണാകുളം സലിം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് നെറ്റ് ഫാക്ടറിയില്‍ സ്വീകരിക്കും. ഫോണ്‍: 0484-2394410,2391426
മോക്ക്ഡ്രില്‍ വിവരം മുന്‍കൂട്ടി അറിയിക്കണം
ജില്ലയില്‍ വകുപ്പുകളും ഏജന്‍സികളും മോക്ക് ഡ്രില്ലുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം പോലീസ്, ഫയര്‍ & റസ്‌ക്യൂ സര്‍വീസസ്, ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം, മോക്ക് ഡ്രില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സെക്രട്ടറി, വില്ലേജ് ഓഫീസര്‍ തുടങ്ങിയ ബന്ധപ്പെട്ട മറ്റു വകുപ്പ് ഏജന്‍സികളെ നിര്‍ബന്ധമായി മുന്‍കൂട്ടി അറിയിക്കേണ്ടതും മോക്ക് ഡ്രില്‍ മൂലമണ്ടാകുന്ന തെറ്റിദ്ധാരണകള്‍ പൂര്‍ണമായും നീക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഡിജിറ്റല്‍ സര്‍വെ രേഖകള്‍ പരിശോധിക്കാന്‍ അവസരം
എറണാകുളം ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന കണയന്നൂര്‍ താലുക്കിലെ ആമ്പല്ലൂര്‍, പൂണിത്തുറ വില്ലേജുകളിലും കൊച്ചി താലൂക്കിലെ പള്ളുരുത്തി, തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഇടക്കൊച്ചി വില്ലേജുകളിലും മൂവാറ്റുപുഴ താലൂക്കിലെ വാളകം, രാമമംഗലം, മണീട് വില്ലേജുകളിലും കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം വില്ലേജിലും ഡിജിറ്റല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുളളതും രേഖകള്‍ റവന്യൂ ഭരണത്തിന് കൈമാറുന്ന അവസാന ഘട്ടത്തിലാണ്. ഈ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് വസ്തു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഡിജിറ്റല്‍ സര്‍വെ രേഖകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഒക്ടോബര്‍ 24 മുതല്‍ 30 വരെ പരിശോധിക്കാവുന്നതാണെന്ന് സര്‍വെ വിഭാഗം അസി. ഡയറക്ടര്‍ അറിയിച്ചു.
കുടുംബശ്രീ കാര്‍ഷിക ഡ്രോണ്‍ പദ്ധതി-ജില്ലാതല ഉദ്ഘാടനം ഇന്ന് (22)
ആധുനിക കൃഷി രീതികള്‍ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമായി കുടുംബശ്രീ വനിതാ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള കാര്‍ഷിക ഡ്രോണ്‍ പദ്ധതി-ജില്ലാതല ഉദ്ഘാടനം വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഇന്ന് (ഒക്ടോബര്‍ 22) രാവിലെ 9.00 ന് കരുമാല്ലൂര്‍ പഞ്ചായത്തിലെ വെളിയത്തുനാട് തടിക്കക്കടവ് ജംഗ്ഷന് സമീപം നിര്‍വഹിക്കും. ഡ്രോണ്‍ ഓപ്പറേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ എന്നിവയുള്‍പ്പെടെ ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ കുടുംബശ്രീ അംഗങ്ങളെ വിദഗ്ധര്‍ ആക്കുന്നതിനാണ് പുതിയ സംരംഭം. നെല്‍വിത്ത് വിതയ്ക്കല്‍, വളപ്രയോഗം, വിള രോഗനിര്‍ണയം തുടങ്ങി വിവിധ കാര്‍ഷിക ജോലികള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാം.
- Log in to post comments