Skip to main content

വര്‍ണ്ണോത്സവം; സംഘാടക സമീതി രൂപീകരിച്ചു

ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14ന് സംഘടിപ്പിക്കുന്ന ശിശുദിന പരിപാടിയില്‍ ഭാഗമായി ഒക്ടോബര്‍ 27ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണോത്സവം വിജയിപ്പിക്കാന്‍ സംഘാടക സമീതി രൂപീകരിച്ചു. ശിശുദിന റാലിയില്‍ പ്രധാനമന്ത്രി, പ്രസിഡണ്ട്, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നീ പദവികളിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി എല്‍.പി, യു.പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്് ജില്ലാതല പ്രസംഗ മത്സരവും സാഹിത്യ രചനാ മത്സരങ്ങളും നാടന്‍ പാട്ട്, ലളിത ഗാനം, കവിതാലാപനം, കഥ പറച്ചില്‍ എന്നീ മത്സരങ്ങളുമാണ് സംഘടിപ്പിക്കുക. യു.പി. മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള കുട്ടികള്‍ക്ക് ഉപന്യാസമത്സരവും എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള കുട്ടികള്‍ക്ക് ലളിതഗാനം, നാടന്‍ പാട്ട് കവിതാലാപനം, കഥാരചന, കവിതാ രചനാമത്സരവും എല്‍.പി വിഭാഗത്തിന് മാത്രമായി  കഥ പറച്ചില്‍ മത്സരങ്ങളും സംഘടിപ്പിക്കും. എല്‍.പി വിഭാഗം പ്രസംഗ മത്സരത്തില്‍ കുട്ടികളുടെ ചാച്ചാജി എന്നതാണ് വിഷയം. യു.പി പ്രസംഗ മത്സരത്തിന്റെയും സാഹിത്യ രചനാ മത്സരങ്ങളുടെയും വിഷയം അരമണിക്കൂര്‍ മുമ്പ് നല്‍കും. മുമ്പ് ശിശുദിന റാലിയില്‍ പദവികള്‍ വഹിച്ചവരെ  പ്രസംഗ മത്സരത്തിലേക്ക് പരിഗണിക്കില്ല.

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ്  ഹൈസ്‌കൂളില്‍  ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗര സഭ ചെയര്‍പേഴ്‌സണ്‍  കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.എം.എ കരീം വിശദീകരണം നടത്തി,  കെ.സതീശന്‍, കെ.വിജയപാലന്‍, ഭാനുമതി, എന്നിവര്‍ സംസാരിച്ചു. എം.വി.നാരായണന്‍ സ്വാഗതവും സി.വി.ഗിരീശന്‍ നന്ദിയും പറഞ്ഞു.  ഭാരവാഹികള്‍- കെ വി സുജാത ടീച്ചര്‍ ചെയര്‍പേഴ്‌സണ്‍. സി.വി.ഗിരീശന്‍ കണ്‍വീനര്‍.

date