അവകാശ ബോധമുള്ള സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കുക വനിതാ കമ്മിഷൻ ലക്ഷ്യം: അഡ്വ പി സതിദേവി
അവകാശ ബോധമുള്ള സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് സംസ്ഥാന വനിതാ കമ്മിഷന്റെ ലക്ഷ്യമെന്ന് ചെയര്‍ പേഴ്സണ്‍ അഡ്വ പി സതി ദേവി പറഞ്ഞു.
കേരളത്തിലെ ടെക്സ്റ്റൈല്‍ മേഖലയിലെ തൊഴിലാളികളായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക വനിത കമ്മിഷന് എറണാകുളത്ത് സംഘടിപ്പിച്ച പൊതു തെളിവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വസ്ത്ര വ്യാപാര മേഖലകളിൽ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ചും ജീവനക്കാരോട് എങ്ങനെ പെരുമാറണം, അവരുടെ അവകാശ സംരക്ഷണം എന്നിവയെപ്പറ്റി കൃത്യമായ നിയമം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലിടങ്ങളിലെ നിലവിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഓരോ പൗരനും നിയമങ്ങളെകുറിച്ച് കൃത്യമായ അവബോധം ഉണ്ടാകണം. അവകാശബോധമുള്ള പൗരന് മാത്രമെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനാകു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും സ്ത്രീപക്ഷത്തു നിന്ന് കൊണ്ട് അവ വിശകലനം ചെയ്ത് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും കാല് നൂറ്റാണ്ടായി കമ്മിഷന് പ്രവര്‍ത്തിച്ചു വരുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീ സൗഹ്യദമല്ലാത്ത പലപ്രവര്‍ത്തനങ്ങളും നടക്കുന്നതായി കമ്മീഷന് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനാണ് പൊതു തെളിവെടുപ്പ് സംഘടിപ്പിക്കുന്നത്.
ടെലിവിഷൻ സീരിയൽ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, കരാര്‍ തൊഴിലാളികള്‍, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രികള്‍, അധ്യാപികമാര്‍,ഹോട്ടല്‍ തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍,തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ എന്താണ് എന്നത് അവരില്‍ നിന്ന് നേരിട്ട് മനസിലാക്കുവാനും നിയമങ്ങളുടെ പ്രയോജനം ലഭ്യമാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ചില ജില്ലകളില്‍ പരാതികള്‍ വളരെ കുറവാണ്. ഇതിനു കാരണം നിയമങ്ങളെ കുറിച്ചും പരാതി പരിഹാര സംവിധാനങ്ങളെ കുറിച്ചുള്ള ധാരണയില്ലായ്മയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.
പരിപാടിയില്‍ വനിത കമ്മീഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് അധ്യക്ഷയായി. കമ്മീഷന് അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന, പ്രോഗ്രാം ഓഫീസര്‍ എന്‍. ദിവ്യ, എറണാകുളം ഡി.എല്‍.ഒ. എന്‍ഫോഴ്സ്മെന്റ് പി.ജി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കേരള ഷോപ്പ്സ ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റെ ആക്ട് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൃത്യമായി നടപ്പിലാക്കാൻ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് കമീഷന് ഉറപ്പു നല്കി.
എല്ലാ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഏകീക്യതമായ ജോലി സമയവും, വേതന വ്യവസ്ഥയും ഉറപ്പാക്കും. പ്രസവാവധിയും, ജീവനക്കാര്‍ക്ക് അര്‍ഹമായിട്ടുള്ള മറ്റ് അവധികളും കൃത്യമായി നല്‍കുന്നതിനുള്ള ഇടപെടലുകളും നടത്തുമെന്നും കമീഷന് ചെയര്‍പേഴ്സൺ വ്യക്തമാക്കി
- Log in to post comments