Skip to main content

കുടുംബശ്രീകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം : മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു

**സമൂഹത്തിൽ എല്ലാവരും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ഒ.ആർ കേളു

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ മേളയും വായ്പാ തിരിച്ചടവിൽ കഷ്ടത അനുഭവിക്കുന്ന ഗുണഭോക്താക്കൾക്കായി എൽ ഡി ആർ എഫ് അദാലത്തും സംഘടിപ്പിച്ചു. വായ്പ മേളയുടെയും അദാലത്തിന്റെയും ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ - പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.  

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണുള്ളതെന്നും സമൂഹത്തിൽ എല്ലാ വിഭാഗത്തിലുള്ളവരും സാമ്പത്തികമായി സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഗുണഭോക്താക്കൾക്ക് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകണമെന്നും ഗുണഭോക്താക്കളും സ്ഥാപനവുമായുള്ള സഹകരണത്തോടെയുള്ള പ്രവർത്തനമാണ് കോർപ്പറേഷനെ ലാഭകരമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീസമൂഹത്തിന്റെ വലിയ മുന്നേറ്റമാണ് കുടുംബശ്രീയിലൂടെ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപറേഷൻ സി ഡി എസ് -1 ന് 1.01 കോടി രൂപയുടെ മൈക്രോക്രെഡിറ്റ് വായ്പയും വ്യക്തിഗത വായ്പ, വിവാഹധനസഹായം, സ്വയംതൊഴിൽവായ്പാ പദ്ധതി തുടങ്ങി വിവിധ വായ്പാ പദ്ധതികളിലായി 2.51  കോടി രൂപയുടെ വായ്പയും ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ ഗുണഭോക്താവിന്റെ മരണം, ഗുരുതര രോഗാവസ്ഥ എന്നീ സാഹചര്യങ്ങളാൽ വായ്പാ തിരിച്ചടവ് നടത്താൻ കഷ്ടത അനുഭവിക്കുന്ന ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലൂടെ 16,65,528 രൂപയുടെ ഇളവ് അനുവദിച്ചു. എൽ ഡി ആർ എഫ് പദ്ധതി പ്രകാരം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ നെയ്യാറ്റിൻകര, വർക്കല, തിരുവനന്തപുരം ഓഫീസുകളിലെ 13 ഗുണഭോക്താക്കൾക്കാണ് അദാലത്തിലൂടെ ഇളവ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിലെ  ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടർ എസ് പുഷ്പലത അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മേടയിൽ വിക്രമൻ, വാർഡ് കൗൺസിലർ ഡി ആർ അനിൽ, കോർപ്പറേഷൻ ചെയർമാൻ അഡ്വ : കെ പ്രസാദ്, ഡയറക്ടർ ശ്രീനി ജി, മാനേജർ ചിത്ര കെ എസ് എന്നിവരും പങ്കെടുത്തു.

date