37-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രു. 7 ന് തുടങ്ങും
മുപ്പത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2025 ഫെബ്രുവരി ഏഴു മുതല്‍ 10 വരെ തൃശൂര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സംഘടിപ്പിക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രു. 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരായി 1500 ലേറെ പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പുരോഗതി പങ്കു വെയ്ക്കാനുള്ള വേദിയാകും ശാസ്ത്ര കോണ്‍ഗ്രസ്. ഏകദേശം 13 ഓളം സാങ്കേതിക ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ശാസ്ത്ര മേഖലയുടെ വളര്‍ച്ചയില്‍ കേരളത്തിന് മികച്ച സംഭാവന നല്‍കിയ പ്രമുഖരെ കോണ്‍ഗ്രസില്‍ അനുസ്മരിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സംവാദം, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സയന്‍സ് കോണ്‍ഗ്രസ് എന്നിവ ഇതോടൊപ്പം നടത്തും. ശാസ്ത്രജ്ഞ-വിദ്യാര്‍ത്ഥി കൂട്ടായ്മ, ദേശീയ സയന്‍സ് എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിക്കും. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സയന്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലൊന്നാണ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍.
- Log in to post comments