ബസുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണം- ജില്ല വികസനസമിതി
ബസുകള്‍ നിര്‍ബന്ധമായും അതത് ബസ് സ്‌റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണമെന്ന് ജില്ലാ വികസന സമിതിയില്‍ ജില്ല കളക്ടര്‍ ഡോ.എസ് ചിത്ര കര്‍ശന നിര്‍ദ്ദേശം നല്‍കി. പനയംപാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ തച്ചംമ്പാറ ജംഗ്ഷനില്‍ സ്‌ക്കൂള്‍ കുട്ടികളുള്‍പ്പെടെ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യം അഡ്വ.കെ .ശാന്തകുമാരി എം.എല്‍.എ ജില്ല വികസനസമിതിയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജില്ല കളക്ടറുടെ കര്‍ശന നിര്‍ദ്ദേശം. പ്രസ്തുത ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നലുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജ് എന്നിവ അധ്യാപകരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് വിഷയം സര്‍ക്കാറിനെ അറിയിക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതയോരത്തുളള പല ബസ് സ്‌റ്റോപ്പുകളും കാട് പിടിച്ച് കിടക്കുന്ന സാഹചര്യമുണ്ടെന്നും ബസുകള്‍ ബസ്സ്‌റ്റോപ്പുകളില്‍ നിര്‍ത്താത്തതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ശ്രദ്ധ പതിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷനടുത്തെ ബസ് സ്‌റ്റോപ്പ് പ്രയോജനപ്പെടുത്താതെ ജീവനക്കാരുള്‍പ്പെടെയുളള പൊതുജനങ്ങള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ബസ് കാത്തു നില്‍ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇതില്‍ ആര്‍.ടി.ഒയും പോലീസും ശ്രദ്ധ പതിപ്പിക്കണമെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി. കാഞ്ഞിരപ്പുഴ സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്ന ശാന്തകുമാരി എം.എല്‍.എയുടെ ആവശ്യ പ്രകാരം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നെല്ലുസംഭരണതുക വിതരണം കാര്യക്ഷമമാക്കണമെന്ന യോഗത്തില്‍ പങ്കെടുത്ത കെ.ബാബു എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.ഒന്നാം വിളയില്‍ 49193 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായും 34819 കര്‍ഷകരില്‍ നിന്നും 74182 മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. നവംബര്‍ 25 വരെ 6430 കര്‍ഷകര്‍ക്ക് 45.93 കോടി രൂപ പാഡി റെസീപ്റ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചതായും എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകരുടെ ഉഴവുകൂലി വിതരണവും കാര്യക്ഷമമാക്കണമെന്ന് എംഎല്‍.എ ആവശ്യപ്പെട്ടു. ജനറല്‍വിഭാഗം കര്‍ഷകര്‍ക്കായി ഉഴവ് കൂലിയിനത്തില്‍ ജില്ല പഞ്ചായത്ത് അനുവദിച്ച 10 കോടിയില്‍ 6.67 കോടിയും പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച 50 ലക്ഷത്തില്‍ 17.98 ലക്ഷവും വിതരണം ചെയ്ത് കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം അവകാശപ്പെട്ട ജലം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കരാര്‍ പ്രകാരം പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇരു സംസ്ഥാനങ്ങളുടേയും ധാരണയോടെ വേണമെന്നിരിക്കെ അല്ലാതെയുളള ചെക്ക് ഡാം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയണമെന്നും കോണ്ടുര്‍ കനാലിലൂടെ തിരുമൂര്‍ത്തിയിലേക്ക് ജലം കടത്തുന്നത് തടയണമെന്നും കെ.ബാബു എം.എല്‍.എയും മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബുവും യോഗത്തില്‍ ആവശ്യപ്പെട്ടു.
കളക്ട്രേറ്റ് കോണ്‍ഫറനസ് ഹാളില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ.കെ ശാന്തകുമാരി , കെ.ബാബു, ജില്ല പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി .എസ്.വിനോദ് ബാബു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments