ക്വാറികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി
അനധികൃത ക്വാറി /ഖനന പ്രവര്‍ത്തികള്‍ തടയുന്നതിന് സബ് കളക്ടര്‍ ചെയര്‍മാനായുള്ള ഒറ്റപ്പാലം ഡിവിഷണല്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നടത്തിയ പരിശോധനകളില്‍ നിയമ ലംഘനം നടക്കുന്നതായി കണ്ടെത്തി.വിവിധ ഭാഗങ്ങളില്‍ നിന്നായി അനുമതി ഇല്ലാതെ കരിങ്കല്ല് കടത്തിലേര്‍പ്പെട്ട മൂന്ന് ലോറികളും പിടികൂടി.സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേമംരാജിന്റെ നേതൃത്വത്തില്‍ റവന്യു, പോലീസ്, മൈനിങ് ആന്‍ഡ് ജിയോളജി, എല്‍.എസ്.ജി.ഡി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, കുലുക്കല്ലൂര്‍ എന്നിവിടങ്ങളിലെ കരിങ്കല്‍ ക്വാറികളിലാണ് പരിശോധന നടത്തിയത്. ചേര്‍പ്പുളശ്ശേരിയിലെ അനധികൃത ക്വാറിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഒരു കോടി ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിന് ഉത്തരവായതിനുശേഷവും അവിടെ തുടര്‍ച്ചയായി ഖനനം നടക്കുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ചേര്‍പ്പുളശ്ശേരിയില്‍ തന്നെ നഗരസഭ പെര്‍മിറ്റ് നല്‍കിയ സ്ഥലത്ത് അനുമതി നല്‍കിയതിലും വളരെ കൂടുതല്‍ മണ്ണ് കടത്തികൊണ്ടുപോയതായും സര്‍ക്കാരിലേക്ക് ലഭിക്കേണ്ട റോയല്‍റ്റി തുക അടച്ചിട്ടില്ലെന്നും കണ്ടെത്തി. പ്രവര്‍ത്തനനുമതിയുള്ള ക്വാറികളില്‍ നിന്നും ദൂര പരിധി ലംഘിച്ചും ഖനനം നടക്കുന്നുണ്ടെന്നാണ് കമ്മിറ്റിയുടെ പ്രാഥമിക നിരീക്ഷണം.
പരിശോധന നടത്തിയ സ്ഥലങ്ങളില്‍ മോണിറ്ററിങ് കമ്മിറ്റിയിലെ വിവിധ വകുപ്പുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് ക്രോഡീകരിച്ചു തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.
പരിശോധനയില്‍ എല്‍ എസ് ജി ഡി അസി. ഡയറക്ടര്‍ പി കെ ഹരിദാസ്, സൂപ്രണ്ട് കെ.എം വിജയന്‍, അസി. ജിയോളജിസ്റ്റ് ആരോണ്‍ വില്‍സണ്‍, തൃത്താല പോലീസ് എസ് എച് ഒ, സുജിത് കുമാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ സി കൃഷ്ണ കുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ വിനീത് എന്നിവരും പങ്കെടുത്തു.
- Log in to post comments