ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് നാഴികകല്ലാകും: മന്ത്രി ഡോ. ആർ ബിന്ദു*
സ്റ്റഡി ഇൻ കേരള' പ്രീ കോൺക്ലേവ് ശില്പശാല ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു നാഴിക കല്ലായി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് മാറുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കൊച്ചിയിൽ
ജനുവരി 14-15 നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി 'സ്റ്റഡി ഇൻ കേരള' എന്ന വിഷയത്തിൽ രാജഗിരി കോളേജിൽ സംഘടിപ്പിച്ച പ്രീ കോൺക്ലേവ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. അതിനുതകുന്ന അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളത്.
ജീവിതനിലവാരത്തിന്റെയും സാമൂഹിക സുരക്ഷയുടെയും കാര്യമെടുത്താൽ രാജ്യത്തെ മറ്റേത് ഇടങ്ങളെ അപേക്ഷിച്ചു കേരളം ഏറെ മുന്നിലാണ്. എന്നാൽ ജീവിത ചെലവ് താരതമ്യേന കുറവുമാണ്. സമ്പൂർണ്ണ സാക്ഷരത, കുറഞ്ഞ ശിശു മരണ നിരക്കു , മികച്ച ആരോഗ്യരംഗം, ഉയർന്ന ആയുർ ദൈർഘ്യം, മാതൃകാപരമായ സാമൂഹിക ഘടന പാരമ്പര്യ തികവാർന്ന.സംസ്കാരo തുടങ്ങിയ ഘടകങ്ങളെല്ലാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ മിക്ക യൂണിവേഴ്സിറ്റികളിലും ഇതിനകം വിദേശ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരുന്ന ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലായി 250 ഹോസ്റ്റൽ മുറികൾ വിദേശ വിദ്യാർഥികൾക്കായി ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണ്. യൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ച് വിദേശ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പ്രത്യേക ഓഫീസുകളും പ്രവർത്തിക്കുന്നു. കോളേജുകളിൽ ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും ഉള്ള സൗകര്യങ്ങൾ ഇതിനകം കാര്യക്ഷമമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം ജോലി എന്ന രീതിക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി പഠനസമയവും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഐടി മേഖലയിലും ടൂറിസം മേഖലയിലും കേരളത്തിന് അനന്തസാധ്യതകളാണുള്ളത്. സ്വാഭാവികമായും ഈ മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇവിടെത്തന്നെ മികച്ച ജോലി കണ്ടെത്താനാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നോക്കിയാൽ കേരള യൂണിവേഴ്സിറ്റിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ( A++) റാങ്ക് നേടി മാതൃകയായി മുന്നിൽ നിൽക്കുന്നു. മറ്റു മൂന്നു യൂണിവേഴ്സിറ്റികൾക്ക് എ പ്ലസ് ( A+) ഗ്രേഡുമുണ്ട്. 27 കോളേജുകൾക്ക് എ പ്ലസ് പ്ലസ് ( A++) അക്രെഡിറ്റേഷനും 47 കോളേജുകൾക്ക് എ പ്ലസ് ( A+) അക്രെഡിറ്റേഷനും കരസ്ഥമാക്കാൻ കഴിഞ്ഞു. രാജ്യത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ 4 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. മികച്ച കോളേജുകളുടെ കാര്യമെടുത്താൽ ആദ്യ നൂറിൽ 16 കോളേജുകളാണ് കേരളത്തിൽ നിന്നുള്ളത്. ആദ്യ ഇരുനൂറിൽ 42 എണ്ണവും ഉണ്ട്. ടൈംസ് ഹയർ എജുക്കേഷൻ ഗ്ലോബൽ റാങ്കിംഗിൽ മികച്ച നൂറ് യൂണിവേഴ്സിറ്റികളിൽ ഒന്നാകാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് സാധിച്ചു.
ദീർഘനാളായി തുടർന്ന് വന്നിരുന്ന മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ വിദേശരാജ്യങ്ങൾക്ക് സമാനമായി ഗവേഷണ സാധ്യതകൂടി പരിഗണിച്ച് നാല് വർഷത്തിലേക്ക് ഈ കഴിഞ്ഞ വർഷം മാറ്റി.
ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു രണ്ടു വർഷത്തെ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുണ്ട്. ചീഫ് മിനിസ്റ്റേഴ്സ് വിദ്യാർത്ഥി പ്രതിഭ പുരസ്കാരം എന്ന പരിപാടിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1000 വിദ്യാർത്ഥികൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതിയും വിജയകരമായി യാഥാർത്ഥ്യമാക്കി.
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ പരിചയം ഒരു പ്രധാന ഘടകമാണ്. തൊഴിൽ പരിചയം ഉറപ്പാക്കുന്നതിന് ക്യാമ്പസുകളിൽ തന്നെ വ്യവസായ പാർക്കുകൾ സ്ഥാപിക്കുകയും ഇൻഡസ്ട്രി ഓൺ
ക്യാമ്പസ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു വരുന്നു. ഇതുവഴി ഇത്തരം കോളേജുകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ തൊഴിൽ ലഭിക്കുന്നു. സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾ വഴി നൂതനാശയങ്ങളെ സംരംഭമാക്കി മാറ്റാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സ്റ്റഡി ഇൻ ഇന്ത്യ പോർട്ടലിനെ കുറിച്ച് എഡ്സിൽ എക്സി. ഡയറക്ടർ ( സ്റ്റഡി ഇൻ ഇന്ത്യ) ഡോ. ബി. ചന്ദ്രശേഖർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് നേരിട്ട് തന്നെ കോഴ്സുകൾ തിരഞ്ഞെടുക്കാനും ഓൺലൈനായി തന്നെ വിസക്ക് അപേക്ഷിക്കാനും പോർട്ടൽ വഴി കഴിയും. സ്കോളർഷിപ്പ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഈ പോർട്ടലിൽ തന്നെ ലഭ്യമാണ്. വിദേശ വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്ന യൂണിവേഴ്സിറ്റികളെയും കോളേജുകളെയും സംബന്ധിച്ച് വിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നതെന്നും ആ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് & രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ സി എം ഐ പറഞ്ഞു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും സംഭാവനകൾ ചെയ്യാൻ കഴിയും എന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
കൊച്ചി രാജഗിരി കോളേജിൽ നടന്ന ശിൽപശാലയിൽ അമേരിക്കയിലെ മിഷിഗൺ ഫ്ലിൻ്റ് യൂണിവേഴ്സിറ്റിയിലെ സീനിയർ ഇൻ്റർനാഷണൽ ഓഫീസറും സെൻ്റർ ഫോർ ഗ്ലോബൽ എൻഗേജ്മെൻ്റ് ഡയറക്ടറുമായ ഡോ. സക്കറിയ മാത്യു, കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യൂക്കേഷൻ ഡയറക്ടർ വിവേക് മൻസുഖാനി, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫീക് ആൻഡ് അക്കാഡമിക് കോളേബറേഷൻ്റെ സ്ഥാപക ചെയർമാൻ പ്രൊഫ. സണ്ണി ലൂക്ക്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷനിലെ പ്രൊഫസറായ നീത ഇനാംദാർ, ജനീവ ആസ്ഥാനമായ ഡ്രഗ്സ് ഫോർ നെഗ്ലക്റ്റഡ് ഡിസീസ് ഇനീഷ്യേറ്റീവിലെ ഡോ. മൗസുമി മൊണ്ടാൽ, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രൊഫസർ ഡോ. എസ് ഷാജി, ഹരിയായിലെ ഒ.പി ജിൻ്റാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസറായ ഡോ. തത്യാന ബെലാസോവ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു
- Log in to post comments