കുഞ്ഞിന്റെ ആരോഗ്യത്തിന് ഭീഷണി; മതില്‍ പൊക്കി കെട്ടിയാല്‍ മാത്രം പൊടിപ്പുമില്ലിന് പ്രവര്‍ത്തനാനുമതിയെന്ന് നിര്‍ദ്ദേശം
ഹൃദ്രോഗിയായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വീടിനു സമീപത്തെ പൊടിപ്പുമില്ലില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പുനലൂര്‍ കല്ലുമല സ്വദേശി പുനലൂര്‍ താലൂക്ക് അദാലത്തിലെത്തി. വീടിന്റെ തെക്കുഭാഗത്തായാണ് മില്ല് ചെയ്യുന്നത്. ഈ മില്ല് ഇവിടെ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നം അറിയിച്ചതാണ്. ഇപ്പോള്‍ മുളകും മല്ലിയും മറ്റു ധാന്യങ്ങളും ഒക്കെ പൊടിക്കുന്നത് മൂലം രോഗിയായ കുഞ്ഞിന് ഏറെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഈ പൊടിപ്പ് മില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു. അപേക്ഷ പരിഗണിച്ച മന്ത്രി ജെ ചിഞ്ചുറാണി 15 ദിവസത്തിനകം സ്ഥാപനത്തിന്റെ മതില്‍ പൊക്കി കെട്ടിയാല്‍ മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ പരിസരവാസികള്‍ക്ക് ശല്യവും ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ഉടമകള്‍ക്ക് നോട്ടീസും നല്‍കി.
- Log in to post comments