ജില്ലയില്‍ 108 മയക്കു മരുന്നു കേസുകളില്‍ 112 പേരെ അറസ്റ്റ് ചെയ്തു
ചാരായ നിരോധന ജനകീയ മോണിട്ടറിംഗ് കമ്മിറ്റി ചേര്‍ന്നു
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 12 വരെ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 108 മയക്കു മരുന്നു കേസുകളിലായി 112 പേരെ അറസ്റ്റ് ചെയ്തു. 209 അബ്കാരി കേസുകള്‍, 1,643 കോട്പ കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു. കളക്ടറുടെ ചേംബറില്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വൈ.ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ 1,246 റെയ്ഡുകളും ഒമ്പത് സംയുക്ത റെയ്ഡുകളും നടത്തി. 6,234 വാഹനങ്ങള്‍ പരിശോധിച്ചു. 183 പേരെ അബ്കാരി കേസുകളില്‍ അറസ്റ്റ് ചെയ്തു. വിവിധ കേസുകളില്‍ 3,28,600 രൂപ പിഴയായി ഈടാക്കി. 545.713 കി.ഗ്രാം പുകയില വസ്തുക്കള്‍, 14 ലിറ്റര്‍ വാറ്റ് ചാരായം, 530 ലിറ്റര്‍ വിദേശ മദ്യം, 517 ലിറ്റര്‍ അരിഷ്ടം, 29.8 വ്യാജ വിദേശ മദ്യം, 197 ലിറ്റര്‍ കോട(വാഷ്), 17.3 കി ഗ്രാം കഞ്ചാവ്, 16.049 ഗ്രാം എം.ഡി.എം.എ. എന്നിവ പിടി കൂടി. വിമുക്തിയുമായി ബന്ധപ്പെട്ട് 1,478 പരിപാടികള്‍ നടത്തി. ലഹരിക്കെതിരായ ജനകീയ കൂട്ടായ്മയിലൂടെ വിവരങ്ങള്‍ അധികാരികള്‍ക്ക് യഥാസമയം നല്‍കുന്നതിലൂടെ മയക്കുമരുന്നിനെതിരെ പ്രതിരോധം തീര്‍ക്കാനാകുമെന്ന് യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ പറഞ്ഞു. ജനകീയ കമ്മിറ്റി അംഗങ്ങള്‍, പോലീസ്, വനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3306/2024)
- Log in to post comments