Skip to main content
ആശ്രാമം മൈതാനത്ത് റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു. സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, സബ് കളക്ടർ നിശാന്ത് സിൻഹാര തുടങ്ങിയവർ സമീപം

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ണം; മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും

 ജനുവരി 26 ന് ആശ്രാമം മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ധനകാര്യ  മന്ത്രി കെ.എന്‍ ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി  സായുധസേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഇന്ന് രാവിലെ 8.50ന് പരേഡിന് തുടക്കമാകും. 8.52ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. ഒമ്പതിന് മുഖ്യാതിഥി എത്തിച്ചേരും. 9.05ന് ദേശീയ പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധന നടത്തും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. മൊമെന്റോ വിതരണം ചെയ്തതിന് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡ് നടത്തും.

റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികള്‍ നേരിട്ട് കാണാം
ആശ്രാമം മൈതാനത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.   സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.

date