Skip to main content
..

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ്; ജില്ലയില്‍ പരിഗണിച്ചത് 869 പരാതികള്‍

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനായി ഡീലിമിറ്റേഷന്‍ കമീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹിയറിങ് നടത്തി. ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളില്‍നിന്ന് 869 പരാതികളാണ് ഉണ്ടായിരുന്നത്.
അതിര്‍ത്തി മാറ്റം സംബന്ധിച്ചായിരുന്നു പരാതികളേറെയും. വാര്‍ഡ് മാറ്റവും പേര് മാറ്റവും കാരണമുണ്ടാകുന്ന പ്രയാസങ്ങളും വോട്ടു ചെയ്യാന്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതുമെല്ലാം പരാതികളായെത്തി. വീടുകള്‍ പുതിയ വാര്‍ഡ് പരിധിയില്‍നിന്ന് മാറ്റണമെന്നും പഴയതില്‍ നിലനിര്‍ത്തണമെന്നുമെല്ലാം ആവശ്യമുണ്ടായി.
രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച ഹിയറിങ്ങില്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ സമര്‍പ്പിച്ചവര്‍ക്കാണ്  പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, കൊട്ടാരക്കര ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകളിലെയും 290 പരാതികളാണ്  ആദ്യം പരിഗണിച്ചത്. തുടര്‍ന്ന് പത്തനാപുരം, അഞ്ചല്‍, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പരവൂര്‍ നഗരസഭയിലെയും 286 പരാതികള്‍ പരിഗണിച്ചു.
ഉച്ചക്ക് ശേഷം ചവറ, മുഖത്തല, ചടയമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പുനലൂര്‍ നഗരസഭയിലെയും കൊല്ലം കോര്‍പറേഷനിലെയും 293 പരാതികളാണ് പരിഗണിച്ചത്. കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം കമ്മിഷന്റെ ഫുള്‍ സിറ്റിംഗിനു ശേഷം വീണ്ടും പരിഗണിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
        നേരിട്ടെത്തിയ മുഴുവന്‍ പേരുടെയും പരാതികള്‍ കേട്ടതായും അവ തീര്‍പ്പാക്കുമെന്നും  കമീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.  കമീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്‌ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date