Skip to main content

തരിശ് രഹിത ധര്‍മ്മടം:  ശില്‍പശാല സംഘടിപ്പിച്ചു

    ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളെയും തരിശ് രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ഉദ്ഘാടനം ചെയ്തു. പിണറായി, പെരളശ്ശേരി, ധര്‍മ്മടം, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട് എന്നീ പഞ്ചായത്തുകളിലെ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. 
    പദ്ധതിയുടെ ഭാഗമായി തരിശ് രഹിത ഭൂമിയാക്കുന്നതിനപ്പുറം കൃഷി ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കും. തെങ്ങിന്‍ തോപ്പില്‍ ഇടവിള കൃഷിയിറക്കി തരിശ് രഹിതമാക്കണമെന്ന് ശില്‍പ്പശാലയില്‍ വ്യക്തമാക്കി. തരിശ് ഭൂമിയില്‍ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നതിനോടൊപ്പം കൃഷി അനുബന്ധ മേഖലകളെക്കൂടി പരിഗണിക്കും. ജൈവവള ഉല്‍പ്പാദനം, കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, പുല്‍കൃഷി, പൂകൃഷി തുടങ്ങി സുസ്ഥിര വികസനത്തിനാണ് പ്രധാന്യം നല്‍കുന്നത്. കൃഷി സ്ഥലങ്ങളിലേക്ക് ജല സൗകര്യം ഉറപ്പാക്കാന്‍ അഞ്ചരക്കണ്ടി പുഴയേയും പഞ്ചായത്തുകളിലെ മറ്റ് ജലസ്രോതസ്സുകളെയും പരമാവധി ഉപയോഗപ്പെടുത്താവുന്നതാണെന്ന് അഭിപ്രായമുയര്‍ന്നു. 
    കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ വടക്കാഞ്ചേരി മോഡലിനെക്കുറിച്ചും പള്ളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പി വിജയന്‍ പള്ളിയാക്കല്‍ മോഡലിനെക്കുറിച്ചും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് സുസ്ഥിര എന്ന പദ്ധതിയെക്കുറിച്ചും തിരുവനന്തപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി എല്‍ മിനി കാര്‍ഷിക കര്‍മ്മ സേന പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ബാലഗോപാലന്‍ (പെരളശ്ശേരി), ടി വി ലക്ഷ്മി  (ചെമ്പിലോട്), ടി വി സീത (അഞ്ചരക്കണ്ടി), സി പി അനിത (വേങ്ങാട്), കില പ്രതിനിധികളായ മദന്‍ മോഹന്‍, പി വി രക്താകരന്‍, കെ ജി ബിനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date