Skip to main content

രക്തസാക്ഷി ദിനാചരണം: ശാന്തിയാത്രയും പുഷ്പാര്‍ച്ചനയും നടത്തി

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തിയാത്ര സംഘടിപ്പിച്ചു. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസ് ജങ്ഷനില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഫ്ളാഗ് ഓഫ് ചെയ്ത യാത്ര ബീച്ച് റോഡ് വഴി ഗാന്ധിപാര്‍ക്കിലെത്തി മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി.
ഗാന്ധി പാര്‍ക്കില്‍ നടന്ന അനുസ്മരണ ചടങ്ങ് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിത സന്ദേശം വരും തലമുറക്ക് പകര്‍ന്നുനല്‍കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അവര്‍ പറഞ്ഞു. വൈവിധ്യം നിറഞ്ഞ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുനിര്‍ത്തി അഹിംസാ മാര്‍ഗത്തില്‍ അദ്ദേഹം പോരാടിയത് ഒരൊറ്റ ഇന്ത്യയെന്ന വലിയ ലക്ഷ്യത്തിന് വേണ്ടിയായിരുന്നുവെന്നും മേയര്‍ ഓര്‍മിപ്പിച്ചു.  
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. സത്യത്തിന്റെയും അഹിംസയുടെയും മാനവ മൈത്രിയുടെയും വലിയ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയ ഗാന്ധിജി, സമരം ചെയ്യാന്‍ അക്രമമാര്‍ഗം ആവശ്യമില്ലെന്ന് ലോകത്തെ പഠിപ്പിച്ചെന്ന് അദ്ദേഹം അനുസ്മരിച്ചു. പുതിയ തലമുറ ചരിത്ര പുരുഷ•ാരെ വേണ്ടവിധം അറിയുന്നുണ്ടോയെന്നും അവരുടെ വിലപ്പെട്ട സേവനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. എ.ഡി.എം ജി. നിര്‍മ്മല്‍കുമാര്‍, സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര, സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  അരുണ്‍ എസ്.എസ്., ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍, കുരീപ്പുഴ ഷാനവാസ്, കൊല്ലം മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഡോ. പെട്രീഷ്യ ജോണ്‍ ഈശ്വര പ്രാര്‍ഥനയും മഹേഷ് പി. ഉമയനല്ലൂര്‍ സര്‍വമത പ്രാര്‍ഥനയും നടത്തി.
സ്വതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, കലാസാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രതിനിധികള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ശാന്തിയാത്രയില്‍ അണിനിരന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രഭാത ഭക്ഷണം ഒരുക്കി.
(പി.ആര്‍.കെ നമ്പര്‍ 335/2025)
 

date