Skip to main content
കോട്ടയം കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ  സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ പരാതി കേൾക്കുന്നു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്: ഭൂമി തരംമാറ്റി നൽകിയില്ലെന്ന പരാതിയിൽ നടപടി

 വീടുവെക്കുന്നതിനായി ആകെയുള്ള അഞ്ചു സെന്റ് ഭൂമി  തരം മാറ്റി നൽകണമെന്ന ആവശ്യത്തിൻമേൽ ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടലിനേത്തുടർന്ന് നടപടി. വ്യാഴാഴ്ച കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ നടത്തിയ സിറ്റിങ്ങിൽ ചങ്ങനാശ്ശേരി ഫാത്തിമാപുരം ഇല്ലിക്കൽ വീട്ടിൽ ഇ.എം. അനസ്, എൻ.പി. മൻസിയ എന്നിവരുടെ പരാതിയിലാണ് നടപടി.
 നിയമപരമായ അർഹതയുണ്ടായിട്ടും  വസ്തുതരംമാറ്റി നൽകാൻ റവന്യൂ അധികൃതർ തയാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി  2024 മേയ് 21 നാണ് ന്യൂനപക്ഷകമ്മീഷന് പരാതി നൽകിയത്. 2024 ഒക്‌ടോബർ 30 നു  നടന്ന   സിറ്റിങ്ങിൽ അടുത്ത സിറ്റിങ്ങിനു മുൻപ് നടപടിയെടുക്കാൻ റവന്യൂ അധികൃതർക്ക് കമ്മിഷൻ നിർദേശം നൽകിയിരുന്നു.  തുടർന്ന് 20 ദിവസത്തിനുള്ളിൽ തന്നെ വസ്തു തരംമാറ്റി നൽകി വ്യാഴാഴ്ചത്തെ സിറ്റിങ്ങിൽ ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ.)റിപ്പോർട്ട് ചെയ്തതോടെ പരാതി തീർപ്പാക്കി.
 തൃക്കൊടിത്താനം പൊട്ടശ്ശേരിയിലെ മത ധർമ്മസ്ഥാപനത്തിന്റെ പേരിൽ റവന്യൂ റിക്കവറി നടപടി എടുത്തത് നിയമപ്രകാരമല്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. വഖഫ് ബോർഡിലേക്കുള്ള വിഹിതം അടയ്ക്കുന്നതിലും കണക്ക് സമർപ്പിക്കുന്നതിലും വീഴ്ച വരുത്തിയതിന്റെ പേരിൽ സ്ഥാപന സെക്രട്ടറിയുടെയും ഭാര്യയുടെയും  സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവിൽ റവന്യൂ റിക്കവറി നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. വഖഫ് ബോർഡ് ചങ്ങനാശ്ശേരി ഡിവിഷണൽ ഓഫീസർ അടുത്ത സിറ്റിങ്ങിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. സിറ്റിങ്ങിൽ ആറു പരാതികളാണ് പരിഗണനയ്ക്കു വന്നത്.

date