Skip to main content

ഭരണഭാഷാ വാരാഘോഷത്തിന് സമാപനം

 

ലളിതമായ മലയാളം ഔദ്യോഗിക തലത്തില്‍ ഉപയോഗിക്കണമെന്ന്  ജില്ലാ കളക്ടര്‍
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. മലയാളഭാഷയുടെ ലളിതമായ പ്രയോഗവത്കരണം ഔദ്യോഗിക സംവിധാനത്തില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കത്തിടപാടുകളും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളും പരമാവധി സാധാരണക്കാര്‍ക്ക് മനസിലാകും വിധം ലളിതവത്കരിക്കണം. അതേസമയം പദാനുപദ തര്‍ജമ നടത്തി സങ്കീര്‍ണമാക്കരുതെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നടത്തിയ ഭരണഭാഷാ പ്രശ്‌നോത്തരി, കവിതാലാപന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ശാസ്താംകോട്ട ഡി ബി കോളജ് മലയാളം വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. എസ്.സുദര്‍ശന ബാബു മുഖ്യപ്രഭാഷണം നടത്തി. മലയാളികള്‍ മൗലികമായി അറിയേണ്ട ഭാഷയുടെ രീതികളും പ്രയോഗങ്ങളും മനസിലാക്കി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എഫ്. റോയ്കുമാര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് എസ് അരുണ്‍, അസി. എഡിറ്റര്‍ ആര്‍ ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് മത്സരവിജയികള്‍ കവിതാലാപനം നടത്തി.
(പി.ആര്‍.കെ നമ്പര്‍ 2925/2024)

date