Skip to main content

ആലപ്പാട് പഞ്ചായത്തില്‍ സുനാമി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

സുനാമി അവബോധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലെ അഴീക്കലില്‍ സുനാമി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. സുനാമി ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കളക്ടറ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യാനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രതയില്‍ ഭൂകമ്പം ഉണ്ടായിയെന്ന അറിയിപ്പ് രാവിലെ 9.30 ഓടെ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വാട്‌സ് ഗ്രൂപ്പില്‍ നല്‍കിയതോടെയാണ് മോക്ക് ഡ്രില്‍ ആരംഭിച്ചത്. 10 മണിയോടെ കേരള തീരത്ത് സുനാമി മുന്നറിയിപ്പ് വന്നു. ഇതോടെ ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ആലപ്പാട് തീരദേശ മേഖലയില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത് പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, പോലീസ്, മോട്ടോര്‍വാഹനവകുപ്പ് എന്നിവ സമയോചിതമായി പ്രവര്‍ത്തിക്കുകയും ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 196 കുടുംബങ്ങളിലെ രണ്ട് കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ 1005 ആളുകളെ സമീപത്തെ ആര്‍. സി ഇമ്മാനുവല്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്ക് ആരോഗ്യവിഭാഗം പ്രാഥമിക ശൂശ്രൂഷ നല്‍കി. പരിക്കേറ്റ അഞ്ച് പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട ഭക്ഷണം, വസ്ത്രം, അവശ്യമരുന്നുകള്‍, വൈദ്യുതി, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയെല്ലാം സമയബന്ധിതമായി ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. മോക്ക് ഡ്രില്ലിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയത് അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റെയിനബില്‍ ഫ്യൂച്ചര്‍ എന്ന സ്ഥാപനമാണ്. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ ഓഷ്യാനോഗ്രാഫിക് കമ്മീഷന്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫിഷറീസ്, ആരോഗ്യം, തദ്ദേശസ്ഥാപനം, മോട്ടോര്‍വാഹനവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്‍ വിജയകരമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിനാല്‍ ആലപ്പാട് ഗ്രാമത്തിന് ‘സുനാമി റെഡി' സാക്ഷ്യപത്രത്തിനായി പരിഗണിക്കും. സുനാമി ദുരന്തലഘൂകരണ പദ്ധതികള്‍, ഒഴിപ്പിക്കല്‍ റൂട്ട് മാപ്പുകള്‍, അവബോധ ക്ലാസുകള്‍, മോക്ഡ്രില്ലുകള്‍ തുടങ്ങി വിവിധങ്ങളായ സൂചകങ്ങളെ മുന്‍നിര്‍ത്തിയാണ് ഒരു തീരദേശ ഗ്രാമത്തിന് ‘സുനാമി റെഡി' സാക്ഷ്യപത്രം നല്‍കുന്നത്.
മോക്ക് ഡ്രില്ലിനെ തുടര്‍ന്ന് ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തില്‍ എ.ഡി.എമ്മും ജില്ലാ ദുരന്തനിവാരണ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജി. നിര്‍മ്മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, യുനസ്‌കോ പ്രതിനിധി നിഗ്മ ഫിര്‍ദൗസ്, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. വീണ, ജില്ലാ ദുരന്തനിവാരണ  അനലിസ്റ്റ്  പ്രേം ജി.പ്രകാശ്, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2898/2024)

date