Skip to main content
...

കനല്‍ ക്യാമ്പയിന്‍ 2.0 പോഷ് ആക്ട് അവബോധ പരിപാടി തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയണം: ജില്ലാ കലക്ടര്‍

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജ്മെന്റിനും ജീവനക്കാര്‍ക്കുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കനല്‍ ക്യാമ്പയിന്‍ 2.0 പോഷ് ആക്ട് അവബോധ പരിപാടി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മാനസിക ശാരീരിക ചൂഷണങ്ങള്‍ തടയണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വനിതാ ശിശു വികസന ഓഫീസര്‍ പി ബിജി അധ്യക്ഷയായി. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ വി ഷീജ സ്വാഗതം പറഞ്ഞു. മുന്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഡ്വ പ്രസന്ന കുമാരി പോഷ് ആക്ട് അവബോധ ക്ലാസെടുത്തു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് പോഷ്. ഇത് സംബന്ധിച്ച് സ്ത്രീ ജീവനക്കാര്‍ക്ക് ഏതൊക്കെ രീതിയിലുള്ള സംരക്ഷണമാണ് നല്‍കുന്നത്, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര കമ്മിറ്റി ഓരോ വ്യാപാര സ്ഥാപനങ്ങളിലും രൂപീകരിക്കേണ്ടതിന്റെ ആവശ്യകത, പോഷ് ആക്ടിന്റെ നിയമവശങ്ങള്‍, പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍, പിഴ എന്നിവ വിശദീകരിച്ചു. ജില്ലയിലെ ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ ഇന്റേണല്‍ കംപ്ലയന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ലിംഗാധിഷ്ഠിത അതിക്രമം, വ്യക്തിഗത അതിരുകളും കംഫര്‍ട്ട് സോണുകളും, ലൈംഗിക അതിക്രമവും അനുവാദവും, സ്ത്രീകള്‍ക്കെതിരെയുള്ള പ്രസ്താവനകള്‍, ലൈംഗിക അതിക്രമം, കംപ്ലയന്റ് കമ്മിറ്റി പ്രവര്‍ത്തനം, പരാതിക്കാര്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവയും അവതരിപ്പിച്ചു. ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നൂറിലധികം ജീവനക്കാര്‍ അവബോധ പരിപാടിയില്‍ പങ്കെടുത്തു.

date