കാട്ടാക്കടയില്‍ സമ്പൂര്‍ണ ഹരിതവിദ്യാലയ പ്രഖ്യാപനം നവംബര്‍ ഒന്നിന്
കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളും നവംബര്‍ ഒന്നോടെ ഹരിത വിദ്യാലയങ്ങളാകും. ഹരിത കേരളം മിഷന് വിഭാവന ചെയ്യുന്ന വൃത്തി-വെള്ളം-വിളവ് എന്ന ആശയത്തിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയമെന്ന ലക്ഷ്യം കൈവരിക്കുന്നത്. നിലവില്‍ മണ്ഡലത്തിലെ 57 സര്‍ക്കാര്‍എയ്ഡഡ് സ്കൂളുകളിലും ജൈവമാലിന്യ സംസ്കരണം, അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശുചിത്വമിഷന്റെ സഹായത്തോടെ നടന്നുവരികയാണെന്ന് ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി സഹായം നല്‍കുന്നുണ്ട്.
നവംബര്‍ ഒന്നിന് നടക്കുന്ന ഹരിത വിദ്യാലയം പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്നലെ (ഒക്ടോബര്‍ 26) വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്കൂള്‍ പരിസരത്തുള്ള മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തു. കഴിയാവുന്ന സ്ഥലങ്ങളില്‍ കുട്ടികളുടെ സഹായത്തോടെ പൂന്തോട്ടങ്ങള്‍, പച്ചക്കറി കൃഷി എന്നിവ ക്രമീകരിക്കുകയും ചെയ്തു. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പേയാട് സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു.
(പി.ആര്.പി. 2547/2018)
- Log in to post comments