Skip to main content

കൂട്ടിക്കട റെയില്‍വേ മേല്‍പ്പാലം: നഷ്ടപരിഹാരത്തിന് കരട് പാക്കേജായി

കൊല്ലം താലൂക്കിലെ കൂട്ടിക്കട റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കരട് പാക്കേജായി. ഇരവിപുരം, മയ്യനാട് വില്ലേജുകളില്‍ ഉള്‍പ്പെട്ട 99.48 ആര്‍സ് സ്ഥലമാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) നേരിട്ട് സ്ഥലപരിശോധന നടത്തിയാണ് പുനരധിവാസ, പുനഃസ്ഥാപന പാക്കേജ് തയാറാക്കിയത്. ഇതുപ്രകാരം, 96,12,000 രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ നല്‍കുക. വീട് നഷ്ടമാകുന്നവര്‍, വാണിജ്യ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍, ചെറുകിട വ്യാപാരം ഇല്ലാതാകുന്നവര്‍, അവയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വരുന്നതിന് മുമ്പ് മൂന്ന് വര്‍ഷത്തിലധികമായി ഇവിടെ തുടരുന്നവര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.  
വീട് നഷ്ടപ്പെടുന്ന 15 പേര്‍ക്ക് 4,60,000 രൂപ വീതവും വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന രണ്ടുപേര്‍ക്ക് രണ്ടുലക്ഷം വീതവും ചെറുകിട വ്യാപാര സ്ഥാപനം നടത്തിവരുന്ന 17 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇവയില്‍ ജോലി ചെയ്തിരുന്ന 17 പേര്‍ക്ക് 36,000 രൂപ വീതവുമാണ് അനുവദിക്കാന്‍ കരടില്‍ നിര്‍ദേശമുള്ളത്.

date