കൊല്ലം @ 75 വിപണനമേള; പല ഉത്പന്നങ്ങള്‍, ഒരു കുടക്കീഴില്
നിത്യോപയോഗിക്കുന്ന സാധനങ്ങള്‍ മുതല്‍ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പ്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍ വരെ ഒരു കുടകീഴില്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സന്ദര്‍ശകര്‍ക്കായി വ്യവസായ വകുപ്പ്, കുടുംബശ്രീ, സഹകരണ വകുപ്പുകള്‍ മിതമായ നിരക്കില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് സജ്ജമാക്കിയിരിക്കുന്നത്.
നൂറോളം സ്റ്റാളുകളിലായി 70 ലധികം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്കായുള്ളത്. മുളപ്പിച്ച തൈ ഇനങ്ങള്‍, കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍, ഭക്ഷ്യോല്പന്നങ്ങള്, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, എന്നിവ മേളയില്‍ ലഭിക്കും. കുടുംബശ്രീയുടെയുടെ ബ്രാന്‍ഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, മൂല്യവര്‍ധിത ഉല്പന്നങ്ങള്, മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ആനക്കൊമ്പ്, മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയര്‍, ലോഹങ്ങള്‍, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് അതിമനോഹരങ്ങളായ അലങ്കാര വസ്തുക്കളും കുടില്‍വ്യവസായ സംരംഭകര്‍ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. പ്രമേഹക്കാര്‍ക്കുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേന്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, തേനീച്ച കൃഷിക്ക് ആവശ്യമായ ഉപകരണങ്ങള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയവയും മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. നീതി സ്റ്റോറുകളില്‍ നിന്ന് നിത്യുപയോഗ സാധനങ്ങളും മിതമായ വിലയില്‍ ലഭിക്കുന്നതാണ്. സ്റ്റോളുകളില്‍ എത്തുന്നവര്‍ക്ക് തല്‍സമയം മണ്‍പാത്ര നിര്‍മ്മാണം കാണാനും അടുത്തറിയാനും ഉള്ള അവസരവും സംരംഭകര്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments