സ്മാർട്ടായി ചിറക്കൽ വില്ലേജ് ഓഫീസ്; പുതിയ കെട്ടിടോദ്ഘാടനം 14ന്
ചിറക്കൽ വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 11 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനാവും. എം.പിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ തുടങ്ങിയവർ പങ്കെടുക്കും. വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിപ്പ് കേന്ദ്രം, ഡൈനിംഗ് റൂം, മറ്റ് ഓഫീസ് റൂം, മൂന്ന് ടോയ്‌ലറ്റ്, റാമ്പ് എന്നിവ ഉൾപ്പെടെ 106 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.
ഒമ്പത് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുന്ന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ ചിറക്കൽവില്ലേജ് ഓഫീസും സ്മാർട്ടാകുമ്പോൾ ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകും.
- Log in to post comments