Skip to main content

സമ്മര്‍ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിനൊരുങ്ങി തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) യുടെ സഹകരണത്തോടെ നടത്തുന്ന സമ്മര്‍ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് നാളെ (മാര്‍ച്ച് 15) തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമാകും. സ്റ്റാര്‍ട്ട് അപ്കള്‍ക്ക് ധനസഹായത്തിനൊപ്പം നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കാനും, സംരംഭക മോഹങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും സമ്മര്‍ സ്റ്റാര്‍ട്ട്അപ് ഫെസ്റ്റിവല്‍ വേദി ഒരുക്കും.

സ്വാവലംബന്‍ ചെയര്‍ ഫോര്‍ എം.എസ്.എം.ഇ സൊല്യൂഷ്യന്‍സുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവല്‍ പ്രാദേശിക തലത്തില്‍ ജനങ്ങളിലും വിദ്യാര്‍ത്ഥികളിലും സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പഠനത്തിന് പുറമെ തൊഴില്‍ സംരംഭങ്ങള്‍ക്ക് വഴി തുറക്കാനും ഊര്‍ജ്ജം പകരാനുമായി കോളേജുകള്‍ വഴി പുതുസംരംഭങ്ങള്‍ തുടങ്ങാന്‍ സിഡ്ബി നടപ്പാക്കുന്ന സ്വാവലംബന്‍ ചെയര്‍ ഫോര്‍ എം.എസ്.എം.ഇ സൊല്യൂഷ്യന്‍സ് പദ്ധതിയുടെ രാജ്യത്തെ ആദ്യ ധനസഹായം ലഭിച്ച കോളേജാണ് ത്യശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്.

നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ട് അപ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങി നിരവധി പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. അമ്പതില്‍പ്പരം സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങള്‍, നിരവധി സാങ്കേതിക, സാങ്കേതികേതര വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ഫെസ്റ്റിവലില്‍ ഉണ്ടാകും. ഫോണ്‍: 0487 2334144.

date