തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം: ഹിയറിങ് നടത്തി
- ആകെ 784 പരാതികൾ പരിഗണിച്ചു
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിശ്ചയിച്ച ഡീലിമിറ്റേഷൻ കമ്മിഷൻ കോടതി വിധിയെ തുടർന്ന് മരവിപ്പിച്ചിരുന്ന പരാതികളുടെ ഹിയറിങ് പൂർത്തിയാക്കി. ഡീലിമിറ്റേഷന്‍ കമ്മിഷൻ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുമായ എ ഷാജഹാൻ, കമ്മിഷൻ അംഗം എസ് ഹരികിഷോർ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ഹിയറിങ്ങിൽ ആകെ 784 പരാതികൾ പരിഗണിച്ചു.
ഹാജരായ മുഴുവൻ കക്ഷികളുടെയും പരാതികളും കമ്മിഷൻ കേട്ടു. കോടതി ഉത്തരവിനെ തുടർന്ന് നിർത്തലാക്കിയിരുന്ന ഹിയറിങ് നടപടികൾ സർക്കാർ അപ്പീലിന് ഫെബ്രുവരി 24 ന് ഡിവിഷൻ ബെഞ്ച് നൽകിയ അനുകൂല ഉത്തരവിനെ തുടർന്നാണ് ഹിയറിംഗ് നടത്തിയത്. ഫെബ്രുവരി 13, 14 തിയ്യതികളിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നേരത്തേ 1954 പരാതികൾ പരിഗണിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന ഹിയറിംഗിൽ കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലായി ആകെ എട്ട് മുനിസിപ്പാലിറ്റികളുടേതും രണ്ട് ഗ്രാമപഞ്ചായത്തുകളുടേതുമാണ് പരിഗണിച്ചത്.
രാവിലെ ഒമ്പത് മണി മുതല്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, 10 മണി മുതൽ കോഴിക്കോട് ജില്ലയിലെ പയ്യോളി, മുക്കം, ഫറോക്ക് മുനിസിപ്പാലിറ്റികൾ, 11 മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികൾ, ഉച്ച 12 മണി മുതൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസർകോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എന്നീ ക്രമത്തിലാണ് പരാതികൾ പരിഗണിച്ചത്.
ഹിയറിങ്ങിൽ ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി ജോസ്ന മോൾ, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ എന്നിവരുമുണ്ടായിരുന്നു.
- Log in to post comments