Skip to main content

സാക്ഷരതാ മിഷന്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 കേരള സാക്ഷരതാ മിഷന്‍ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള തുല്യത കോഴ്സുകള്‍, പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവക്ക് ഫീസ് ഇല്ല. അപേക്ഷകര്‍ക്ക് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്സിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 1,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ രജിസ്ട്രേഷന്‍ ഫീസായ 100 രൂപ മാത്രം അടച്ചാല്‍ മതി. അപേക്ഷകര്‍ക്ക് 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് 300 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 2,600 രൂപയാണ് അടക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് രജിസ്ട്രേഷന്‍ ഫീസായ 300 രൂപ അടച്ചാല്‍ മതി. 2025 മാര്‍ച്ച് ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സുകള്‍ക്ക് ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടാകും. ആറ് മാസത്തെ പച്ചമലയാളം അടിസ്ഥാന കോഴ്സിന് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 4,000 രൂപയാണ് അടക്കേണ്ടത്. രജിസ്ട്രേഷന്‍ സമയത്ത് 17 വയസ്സ് പൂര്‍ത്തിയാകണം.
പച്ചമലയാളം കോഴ്സിന് ഏപ്രില്‍ 12 വരെയും മറ്റു കോഴ്സുകള്‍ക്ക് ഏപ്രില്‍ 30 വരെയും kslma.ketlron.in വഴി അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷിക്കാനും അവസരമുണ്ട്. ഫോണ്‍: 0474-2798020, 9447561920, 9539928507.
                                                       

date