Skip to main content

സൈബര്‍ ലോകത്തിലെ സാമ്പത്തിക തട്ടിപ്പുകളെപ്പറ്റി അറിയാം സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി 25 ന് ബോധവല്‍ക്കരണ പരിപാടി

 

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകളെ ബോധവത്കരിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എസ്.ബി.ഐ സിവില്‍സ്റ്റേഷന്‍ ശാഖയും ചേര്‍ന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി മാര്‍ച്ച് 25 ന് രാവിലെ 10-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.  ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാറാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. നിരവധി ആളുകള്‍ സൈബര്‍ കെണികളില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഇന്‍വെസ്റ്റ്‌മെന്റ്/ട്രേഡിങ് തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, ലോട്ടറി/ വ്യാജ സമ്മാനം, ലോണ്‍ആപ്പ്, ഡെബ്റ്റ്/ക്രെഡിറ്റ് കാര്‍ഡ്/കെ വൈ സി കാലാഹരണം/ പുതുക്കല്‍, വ്യാജ കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രണയതട്ടിപ്പ്, തൊഴില്‍ വാഗ്ദാന തട്ടിപ്പ്, വ്യാജ ഇ കൊമേഴ്‌സ് സൈറ്റ്, റിമോട്ട് ആക്‌സസ് ആപ്പ്, ഓണ്‍ലൈന്‍ ടാക്‌സ് തട്ടിപ്പ്, സൈനികന്‍ ചമഞ്ഞ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ പ്രൊഫൈല്‍, കേസില്‍ നിന്നും രക്ഷിക്കാന്‍ പണം, ബാങ്ക് അക്കൗണ്ടും പോക്കറ്റ് മണിയും തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എന്തു ചെയ്യണം തുടങ്ങിയ വിഷയങ്ങളാണ് ബോധവത്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടിയില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, എസ്.ബി.ഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജര്‍ കെ.എ അനില്‍കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുക്കും.

date