വിമുക്തി ഡീ അഡിക്ഷൻ സെൻ്ററിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും
മൂവാറ്റുപുഴയിലെ വിമുക്തി ഡീ അഡിക്ഷൻ സെൻ്ററിലെ ജീവനക്കാരുടെ പരിമിതി പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.
കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻ്റർ ഹെൽപ്പ് ഡെസ്കിൻ്റെ അവലോകന യോഗത്തിലായിരുന്നു കളക്ടർ നിർദ്ദേശം നൽകിയത്. ലഹരിക്കെതിരെ എക്സൈസുമായി സഹകരിച്ച് കുടുംബശ്രീ ബാലസഭകൾ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സ്നേഹിത സെൻ്ററുകളിലേക്ക് സഹായം അഭ്യർത്ഥിച്ചും മറ്റുമായി എത്തുന്ന വിവിധ സംഭവങ്ങളിൽ ആവശ്യമെങ്കിൽ വേഗത്തിലുള്ള പൊലീസ് സഹായം ലഭ്യമാക്കും. ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ പൊലീസിനെ അറിയിക്കും. സ്കൂളുകളിൽ ഉൾപ്പെടെ കുടുംബശ്രീ കൗൺസലർമാരെ ഉപയോഗിക്കും.
സ്നേഹിത പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയിൽ ഇതു സംബന്ധിച്ച ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.എം റജീന, വിവിധ വകുപ്പ് മോധാവികൾ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി അടുത്ത സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു
- Log in to post comments