Skip to main content

ആരോഗ്യഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു

 

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ആരോഗ്യഭവനം ചിറയിന്‍കീഴ് സ്വാമിജി ആഡിറ്റോറിയത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു.

ജീവിത ശൈലി രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാനായി, ബ്ലോക്കിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും അമ്പതിനായിരം വീടുകളിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് അളവ്, പൊക്കം, ഭാരം, അരവണ്ണം എന്നിവ ആരോഗ്യ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി പരിശോധിക്കുന്ന പദ്ധതിയാണിത്. രോഗം കണ്ടെത്തുന്നവരെ അടുത്തുള്ള സി.എച്ച്.സി യിലേക്കും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്കും റഫര്‍ ചെയ്യുന്നു. ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത.

ആരോഗ്യരംഗത്ത് ക്രിയാത്മകമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചിറയിന്‍കീഴ് ബ്ലോക്ക് നടപ്പിലാക്കുന്നുണ്ട്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍  ആധുനികവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി.പ്രീത ആരോഗ്യ ഭവനം ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന ഡി.എസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്‍.പി. 2591/2018)

 

date