റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗില്‍ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ റീജിയണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗില്‍ (ഹിന്ദി ) പുതിയ മന്ദിരത്തിന് വി.കെ. പ്രശാന്ത് എംഎല്‍എ തറക്കല്ലിട്ടു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി എംഎൽഎ പറഞ്ഞു.
പുതിയ ഹൈടെക് മന്ദിരങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ജലഗുണനിലവാര പരിശോധന ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സ്‌കൂള്‍ ബസുകള്‍, ശുചിമുറികള്‍, പാചകപ്പുരകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മന്ദിരം നിര്‍മിക്കുന്നതിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 2660 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ക്ലാസ് മുറി, ടോയ്‌ലറ്റ് ബ്ലോക്ക്, വരാന്ത, സ്റ്റെയര്‍കേസ് റൂം എന്നിവ നിർമ്മിക്കും.
ചടങ്ങിൽ തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് പി.ടി.എ പ്രസിഡന്റ് രവീന്ദ്ര രാജന്‍. സി.ആര്‍, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ എ. മേരിപുഷ്പം , പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സനല്‍ കുമാര്‍. എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments