ആനച്ചന്തം.. ഇത് മേളച്ചന്തം
കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന് എന്ന 'കൊമ്പനെ' കാണാം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ അതേ ഗാംഭീര്യമാണ് ഇവന്. തുമ്പി കുലുക്കി ചെവികളാട്ടി നില്ക്കുന്ന ഈ ഇലക്ടിക്ക് ആന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്ന് കാട്ടുകയാണ് ഈ സ്റ്റാളില്‍.
തൊട്ടപ്പുറത്തെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12-ഓളം സ്ത്രീകളുടെ കരവിരുതാണ് ഇവ. ഒന്നര അടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചുനല്‍കും. 2022 മുതല്‍ ഈ മേഖലയില്‍ സജീവമായി നില്ക്കുന്ന സംഘം പ്രധാനമായും തൃശൂര്‍, കൊല്ലം മേഖലയില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ എടുക്കുന്നത്.
- Log in to post comments