Skip to main content

സ്വയം പര്യാപ്തതയിലേക്ക് ചുവടുവെച്ച് കര്‍ഷകക്കൂട്ടം

 രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തിയ കര്‍ഷകത്തൊഴിലാളി സംഗമത്തില്‍ പച്ചക്കറിക്കൃഷിയുടെ അത്ഭുതലോകത്ത് മുന്നേറാനുള്ള അടിസ്ഥാന പാഠങ്ങളാണ് കര്‍ഷകര്‍ക്ക് പകര്‍ന്നു കിട്ടിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സംഗമം ഉദ്ഘാടനം ചെയ്തു. 
ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍, മണ്ണ്, കൃത്യമായിട്ടുള്ള രോഗകീട നിയന്ത്രണം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാനുവല്‍ അലക്‌സ് സംസാരിച്ചു. സമഗ്ര പച്ചക്കറി കൃഷി യജ്ഞം എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാറില്‍ തൈകളുടെ നടീല്‍ പ്രായവും ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ പച്ചക്കറികളും ചര്‍ച്ച ചെയ്തു. പച്ചക്കറികള്‍ക്ക് ആവശ്യമായ 17 മൂലകങ്ങള്‍ നല്‍കുന്ന വളങ്ങളുടെ അളവുകളെയും ഗുണങ്ങളെയുംപറ്റിയുള്ള  ക്ലാസ്സും കര്‍ഷകര്‍ക്ക് വിജ്ഞാനപ്രദമായി. രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും ഉപരിയായി ഇന്ന് പച്ചക്കറി കൃഷിയില്‍ വില്ലന്മാരായിത്തീര്‍ന്നിരിക്കുന്ന കളകള്‍ വിളവില്‍ ഏറ്റവും കൂടുതല്‍ ശതമാനം ഇടിവുണ്ടാക്കുന്നു എന്ന് പ്രൊഫ. മാനുവല്‍ അലക്‌സ് പറഞ്ഞു. 
കോഴാ ആര്‍.എ.റ്റി.റ്റി.സി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സൂസമ്മ ,  ഉഴവൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

date