അറിയാം കണ്ടാസ്വദിക്കാം..
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്റ്റാളുകള്‍ പരിചയപ്പെടുത്തുന്നത് വിവിധ തരം അരികളും, ചെടികളെയും, പഴങ്ങളെയും.
വൈക്കം ബ്ലോക്കിലെ വൈവിധ്യം
വൈക്കം ബ്ലോക്കിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ വിവിധ തെങ്ങിന്‍ പൂങ്കുലകളെ കാണാം. ഗ്രീന്‍ സ്‌പൈകാറ്റാ എന്ന പൂങ്കുലയാണ് ഇവിടെ ഹിറ്റ്. നന്നായി വളമിട്ടാല്‍ നിറയെ കായ്ഫലമുള്ള ഇനമാണ് ഇവ. ആന്‍ഡമാന്‍ ജയന്റ്, ലക്കിടി മൈക്രോ എന്നീ ഇനങ്ങളുടെയും നാടന്‍ തേങ്ങയുടെയും പ്രദര്‍ശനം ഇവിടെ കാണാം. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ അരി,പപ്പടം, കുമ്പളം വറ്റല്‍ മുതലായവയെയും ഏറ്റവും ഗുണമേന്മയുള്ള പൊക്കാളി അരിയുടെ വൈവിധ്യങ്ങളായ വൈറ്റില-6, വൈറ്റില-10 തുടങ്ങിയവയുടെ ശേഖരവും ഇവിടെയുണ്ട്.
ആരോഗ്യം ഉറപ്പാക്കും പോഷക തളിക
ഒരു ദിവസം കഴിക്കേണ്ട ആഹാരം ഏതൊക്കെയാണെന്ന് അറിയാമോ? കഴിക്കേണ്ട ആഹാരത്തിന്റെ കൃത്യമായ അളവിനെപ്പറ്റിയോ? ശരിയായി മനസ്സിലാക്കാന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് തയ്യാറാക്കിയ പോഷക തളിക കണ്ടാല്‍ മതി.
കൃഷി വകുപ്പിനുകീഴില്‍ നടപ്പാക്കുന്ന പോഷക സമൃദ്ധി മിഷനിലൂടെ തളികയിലുള്ള ഏതൊക്കെ ആഹാരമാണ് സ്വന്തം വീടുകളില്‍ കൃഷി ചെയ്യാന്‍ പറ്റുന്നതെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. പോഷക പ്രാധാന്യമുള്ള വിളകള്‍ ഉത്പാദിപ്പിക്കുകയും സ്വയം പര്യായാപ്തതയിലേക്ക് എത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കാര്‍ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷണമാണ്.
- Log in to post comments