Skip to main content
എന്റെ കേരളം മേളയിലെ സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍

കരുത്ത് കാട്ടി സഹകരണമേഖലാ സ്റ്റാളുകള്‍

സര്‍ക്കാര്‍ സഹകരണ വകുപ്പിനു കീഴില്‍ ജില്ലയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളിലായി നടപ്പാക്കിയിട്ടുള്ള വിവിധ വികസന പദ്ധതികളെ കണ്ടറിഞ്ഞു മനസ്സിലാക്കാന്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ സഹകരണ വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ മതി. സഹകാരി സാന്ത്വനം പദ്ധതി, കെയര്‍ ഹോം, പുനരുദ്ധാരണ പദ്ധതി- ഇങ്ങനെ നീളുന്നു പദ്ധതി പട്ടിക. കേരള ബാങ്കിന്റെ വിവിധ സേവനങ്ങളെപ്പറ്റി അറിയാനുള്ള അവസരവും ഉണ്ട് ഇവിടെ. ഇനിയുമുണ്ട് കാണാന്‍ ഏറെ. 
മാടമ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കര്‍ഷക സേവന കേന്ദ്രത്തിന്റെ സ്റ്റാളില്‍ അടുക്കളത്തോട്ടത്തിന്റെ പരിപാലനത്തിന് വേണ്ട പ്രഷര്‍ സ്‌പ്രേയര്‍ മുതല്‍ ഗ്രോ ബാഗ് വരെയുണ്ട്. ഗ്രോ ബാഗ് എല്ലാം വാങ്ങിയതിനു ശേഷം ആനിക്കാട് റീജിയണല്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ സുഫല ഗാര്‍ഡന്‍സില്‍ നിന്നുള്ള ഫലവൃക്ഷ-പച്ചക്കറി തൈകളും ആഗ്രോ ഷോപ്പില്‍ നിന്നുള്ള കാര്‍ഷിക ഉപകരണങ്ങളും വാങ്ങിയാല്‍ സംഗതി ഉഷാറായി. വൈവിധ്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നീലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ ചെന്നാല്‍ കാണാം വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈകളും ചന്ദന തൈകളും. ചന്ദനത്തൈകള്‍ക്ക് 120 രൂപയും പ്ലാവിന്‍ തൈകള്‍ക്ക് 100 രൂപയുമാണ് വില. കൈയ്യിലെ സാധനങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ കോട്ടയം വ്യാപാരി വ്യവസായ സഹകരണ സംഘത്തിന്റെ തുണിസഞ്ചികള്‍ പ്രയോജനം ചെയ്യും. തുണിസഞ്ചികള്‍ കൂടാതെ പേപ്പര്‍ കവറുകളും ബയോ കവറുകളും ഇവിടെ ലഭ്യമാണ്. ഇതൊക്കെ കൂടാതെ റബ്‌കോയുടെ എല്ലാത്തരം ഉല്‍പ്പന്നങ്ങളും നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീണ്ടൂര്‍ അരിയും വില്‍പ്പനയ്ക്കുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വമ്പിച്ച പുസ്തക മേളയും സജ്ജമാണ്. 
ഇനി സൗജന്യമായി  പ്രഷറും ഷുഗറും നോക്കണമെങ്കില്‍ ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ സ്റ്റാളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഇ-നാട് യുവജന സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി ലെയര്‍ എയറോബിക് ബിന്‍ ആയ ജീ ബിന്‍ മുതല്‍ മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയായ നോവ, വലിയ തോതില്‍ ഉള്ള അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ആക്കി മാറ്റാവുന്ന ജീകമ്മ്യൂണിറ്റി മെഷീന്‍ വരെയുണ്ട്. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ വളങ്ങളുടെ പ്രദര്‍ശനവും ഉണ്ട്.

date