കുറഞ്ഞ വിലയ്ക്ക് പഠനോപകരണങ്ങൾ വാങ്ങാം; ജില്ലയിൽ സ്‌റ്റുഡന്റ്സ് മാർക്കറ്റുകൾക്ക് തുടക്കമായി
കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് വഴി സംഘടിപ്പിക്കുന്ന സ്‌റ്റുഡന്റ്സ് മാർക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ജനകീയ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് അധ്യയന വർഷം തുടങ്ങിയ ശേഷമാണ് പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പലവിധ പരസ്യങ്ങളിലൂടെ കുട്ടികൾ വഴി ഉത്പന്നങ്ങൾ വാങ്ങിപ്പിക്കാൻ കമ്പോളം വളരെ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കൺസ്യൂമർഫെഡ് സപ്ലൈകോയോടൊപ്പം തന്നെ മാർക്കറ്റിലെ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിൽ വലിയൊരു ഭാഗമാവുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റുഡന്റ്‌സ് മാർക്കറ്റിൽ സ്കൂൾ ബാഗ്, നോട്ടുബുക്ക്, ടിഫിൻ ബോക്സ് അടങ്ങിയ എല്ലാ പഠനോപകരണങ്ങളും നിലവിലെ മാർക്കറ്റിനോട് മല്ലടിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ത്രിവേണിയും കൺസ്യൂമർഫെഡും നൽകുന്നു. വലപ്പാടുള്ള റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ ജൂൺ 15 വരെ സ്കൂൾ മാർക്കറ്റ് പ്രവർത്തിക്കുമെന്ന് റൂറൽ ബാങ്ക് ഭരണസമിതി അറിയിച്ചു. ഗുണമേൻമയുള്ള ഉത്പന്നങ്ങൾ അഞ്ച് ശതമാനം മുതൽ മുപ്പത് ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നതാണ്.
ചടങ്ങിൽ കൺസ്യൂമർഫെഡ് ഡയറക്ടർമാരായ കെ.വി. നഫീസ, സി.എ. ശങ്കരൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം. അഹമ്മദ്, മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. പ്രസാദ്, സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിനിത ആഷിക്, എം.ആർ. ദിനേശൻ, പി.ഐ. സജിത, ബിന്ദു സുരേഷ്, ടി.കെ. ചന്ദ്രബാബു, ശോഭന രവി, സീനത്ത് ബഷീർ, എം.എസ്. മോഹനൻ, ചാവക്കാട് താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാർ കെ.എസ്. രാമചന്ദ്രൻ, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.ജി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ എം.ആർ. മായ പദ്ധതി വിശദീകരണം നടത്തി. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ് സ്വാഗതവും റൂറൽ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് ഷീബ നന്ദിയും പറഞ്ഞു.
- Log in to post comments