എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നൂതന ആശയങ്ങളുമായി ജലസേചന വകുപ്പിന്റെ സ്റ്റാള്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നൂതന ആശയങ്ങള്‍ അടങ്ങിയ സ്റ്റാളുമായി ജലസേചന വകുപ്പ്. ജലസേചന വകുപ്പിന്റെ പദ്ധതികളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവതരിപ്പിക്കുന്ന ഈ സ്റ്റാള്‍ ശ്രദ്ധേയമാകും.
വിര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍) അവതരണം, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ വാള്‍, മലമ്പുഴ ഡാം പശ്ചാത്തലമായുള്ള സെല്‍ഫി പോയിന്റ് എന്നിവയാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. വി.ആര്‍ അവതരണത്തിലൂടെ, ജലസേചന വകുപ്പിന്റെ പ്രധാന പദ്ധതികളായ ഡാമുകള്‍, കനാലുകള്‍, ജലസംഭരണികള്‍ എന്നിവയുടെ പ്രവര്‍ത്തനവും ജലസംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദര്‍ശകര്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. വീഡിയോ വാളില്‍, വിവിധ ജലസേചന പദ്ധതികളുടെ വിശദാംശങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ജലസംരക്ഷണത്തിനായുള്ള ബോധവത്കരണ പരിപാടികള്‍, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
കൂടാതെ സന്ദര്‍ശകര്‍ക്ക് അവരുടെ വീടുകളിലെ ജലം സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും, വിവിധ ജലസേചന പദ്ധതികളെ കുറിച്ചുള്ള അഞ്ച് വര്‍ക്കിങ് മോഡലുകള്‍, സന്ദര്‍ശകര്‍ക്ക് സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌ക് എന്നിവയും സ്റ്റാളില്‍ ഉള്‍പ്പെടുത്തും.
വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്‌സ്യല്‍ സ്റ്റാളുകളുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ്് സൗകര്യവും ലഭ്യമാണ്.
- Log in to post comments