അനധികൃത മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്തു
അനധികൃതമായി രാത്രികാല ട്രോളിംഗ് നടത്തി നിര്‍ത്താതെ പോയ ബോട്ടിനെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മുനക്കകടവ് കോസ്റ്റല്‍ പോലീസും ചേര്‍ന്ന് നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് തീരത്തോട് ചേര്‍ന്ന് കരവലി നടത്തി വന്നിരുന്ന എറണാകുളം പള്ളിപ്പുറം സ്വദേശി കൈതക്കാട്ട് വീട്ടില്‍ സനീഷിന്റെ ഉടമസ്ഥതയിലുള്ള 'അഭിനോ' എന്ന ബോട്ട് പിടിച്ചെടുത്തത്. പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ബോട്ട് നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
രാത്രികാല ട്രോളിംഗും കരവലിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളേയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്. സംഭവത്തില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അനധികൃത മത്സ്യബന്ധനം നടത്തിയതിന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍ സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഹുസൈന്‍ വടക്കനോളി, വിജീഷ് എമ്മാട്ട്, മെക്കാനിക് ജയചന്ദ്രന്‍, സ്രാങ്ക് റസാക്ക് മുനക്കകടവ്, അഷറഫ് പേബസാര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.
- Log in to post comments