ലഹരി വിമുക്ത കണ്ണൂര്‍; ഏകദിന പരിശീലന സംഘടിപ്പിച്ചു
നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ ഡയറക്റ്റ് ടാക്സസ് ആന്‍ഡ് നര്‍കോട്ടിക്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം, പൊതു വിദ്യാഭ്യാസ വകുപ്പ്, വിമുക്തി മിഷന്‍, എസ് പി സി പ്രൊജക്റ്റ്, പോലീസ്, സാമൂഹ്യ നീതി വകുപ്പ്, ലഹരി വിമോചന കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ലഹരി വിമുക്ത കണ്ണൂര്‍ അവബോധ രൂപീകരണ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ എസ് പി സി കേഡറ്റുകള്‍, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ് ഉദ്ഘാടനം ചെയ്തു. രാസപദാര്‍ഥങ്ങളോടുള്ള ലഹരിയെ ജീവിതത്തില്‍ നിന്നും തുരത്തിയോടിച്ച് ജീവിതമാണ് ലഹരി എന്ന സന്ദേശം ഓരോരുത്തരും ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവയര്‍നസ് ഓണ്‍ ദി ഡ്രഗ്സ് ആന്‍ഡ് ആഫ്റ്റര്‍ ഇഫക്ട്സ്, അണ്‍ലേര്‍ണിങ് ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി അനീസ്, എന്‍.എസി.ഐ.എന്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മിനു പ്രമോദ് എന്നിവര്‍ ക്ലാസെടുത്തു. പ്രതീക്ഷ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ ജോസഫ് പൂവത്തോലില്‍, കൗണ്‍സിലര്‍ നവ്യ ജോസ്, വിമുക്തി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ധീരജ് ദിലീപ്, വിമുക്തി സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സ്നേഹ മോള്‍ സ്‌കറിയ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. എന്‍.എ.സി.ഐ.എന്‍ അഡീഷണല്‍ ഡയറക്ടര്‍ സാബു ഫിലിപ്, എന്‍.എ.സി.ഐ.എന്‍ സൂപ്രണ്ട് ജെ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments